ചെന്നൈ : ദേശീയ-അന്തർദേശീയ കായികമേളകളിൽ മെഡൽ നേടുന്ന 100 താരങ്ങൾക്ക് സർക്കാർജോലി നൽകുമെന്ന് കായികമന്ത്രി ഉദയനിധി സ്റ്റാലിൻ അറിയിച്ചു.
യുവജനങ്ങളിൽ കായികക്ഷമത വളർത്തിയെടുക്കുന്നതിനുവേണ്ടിയാണ് നടപടി. സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഈ വർഷം 66 കോടി രൂപ ചെലവിൽ മിനി സ്റ്റേഡിയം നിർമിക്കും.
കായികപ്രതിഭകൾക്കായി നടപ്പുസാമ്പത്തികവർഷം 100 കോടി രൂപയ്ക്ക് കായിക ഉപകരണങ്ങൾ വകുപ്പ് വാങ്ങും.
കോയമ്പത്തൂരിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിനായി സ്ഥലംകണ്ടെത്തി. പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.
12 കോടി രൂപ ചെലവിൽ മേലക്കോട്ടയ്യൂരിനുസമീപം രാജ്യത്തെ ആദ്യത്തെ ബൈസിക്കിൾ മോട്ടോക്രോസ് ട്രാക്ക് ഉടൻ തുറക്കും.
തെക്കൻ ജില്ലകളിലെ നീന്തൽ താരങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി മധുരയിലെ ഒളിമ്പിക് അക്കാദമിയിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള ഡൈവിങ് പൂൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വളർന്നുവരുന്ന അത്ലറ്റുകളെ സഹായിക്കാൻ മികച്ച പത്തുകായികതാരങ്ങളെ കരാർ അടിസ്ഥാനത്തിൽ പരിശീലകരായി നിയമിക്കും.
ചെന്നൈയിലെ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിലവിലുള്ള ഹോസ്റ്റലുകൾ 25 കോടി രൂപ ചെലവിൽ നവീകരിക്കുമെന്നും ഉദയനിധി സ്റ്റാലിൻ അറിയിച്ചു.