ചെന്നൈ : സ്കൂൾവിദ്യാർഥികൾക്ക് തമിഴ്നാട് സർക്കാർ നൽകുന്ന സൗജന്യസൈക്കിൾ ഗുണനിലവാരമില്ലാത്തവയാണെന്ന് രാജ്യസഭാംഗവും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരം.
സൈക്കിൾ ഉപയോഗിക്കാനാവാതെ കുട്ടികൾ വിൽക്കാൻ നിർബന്ധിതരാവുകയാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായി. അവ സർക്കാർതന്നെ തിരിച്ചുവാങ്ങി ഗുണനിലവാരമുള്ള പുതിയ സൈക്കിളുകൾ കുട്ടികൾക്കുനൽകണമെന്നും ചിദംബരം സാമൂഹികമാധ്യമമായ എക്സിൽ കുറിച്ചു.
സർക്കാരിനുവേണ്ടി ഏത്കമ്പനികളാണ് സൈക്കിളുകൾ നിർമിക്കുകയും വിതരണം ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. വിദ്യാർഥികൾക്ക് സർക്കാർ നൽകുന്ന സൗജന്യ സൈക്കിളുകളുടെ ഗുണനിലവാരം മോശമാണെന്ന് വിദ്യാർഥികളും അധ്യാപകരും ഒരുപോലെ അഭിപ്രായപ്പെട്ടതായാണ് അറിയുന്നത്.
മറ്റുവഴികളില്ലാതെ മോശം സൈക്കിളുകൾ വിൽക്കാൻ വിദ്യാർഥികൾ നിർബന്ധിതരാവുന്നത് ഖേദകരമായ അവസ്ഥയാണ്. അവർക്ക് ഗുണനിലവാരമുള്ള സൈക്കിളുകൾ നൽകാൻ സർക്കാർ നടപടിസ്വീകരിക്കണമെന്നും ചിദംബരം അഭ്യർഥിച്ചു.