ചെന്നൈ : മിശ്രവിവാഹിതരായതിന്റെപേരിൽ വധുവിന്റെ വീട്ടുകാരും ജാതിസംഘടനാനേതാവും ഭീഷണിപ്പെടുത്തുന്നെന്നാരോപിച്ച് ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു.
തിരുനെൽവേലി സ്വദേശികളായ ദമ്പതിമാരാണ് പോലീസ് സുരക്ഷതേടി മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
വധുവിന്റെ വീട്ടുകാർക്കൊപ്പം വെള്ളാളർ മുന്നേറ്റ കഴകം എന്ന ജാതിസംഘടനയുടെ യുവജനവിഭാഗം സെക്രട്ടറി പന്തൽ രാജയും ഭീഷണിപ്പെടുത്തുന്നെന്നാണ് ആരോപണം.
വെള്ളാളർ സമുദായത്തിൽപ്പെട്ട ഉദയദാക്ഷായണിയും ദളിത് വിഭാഗത്തിൽപ്പെട്ട മദനനും പ്രണയത്തിലായിരുന്നു. ഉദയദാക്ഷായണിയുടെ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.
സി.പി.എം. നേതാക്കളുടെ സഹായത്താൽ തിരുനെൽവേലിയിലെ പാർട്ടി ഓഫീസിലായിരുന്നു ഇവരുടെ വിവാഹംനടന്നത്. തുടർന്ന് വധുവിന്റെ വീട്ടുകാർ പാർട്ടി ഓഫീസ് തകർത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കെയാണ് വധൂവരന്മാർക്ക് ഭീഷണിയുമായി വീട്ടുകാരെത്തിയത്.ഭീഷണിയുള്ളതിനാൽ ഒളിവിൽക്കഴിയുകയാണെന്നും സുരക്ഷ ആവശ്യപ്പെട്ടിട്ടും പോലീസ് അതിനു തയ്യാറാകുന്നില്ലെന്നുമാണ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നത്.