ചെന്നൈ : വ്യാജമദ്യം നിർമിക്കുന്നതും വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കർശന ശിക്ഷാനടപടികളുമായി തമിഴ്നാട്ടിൽ മദ്യനിരോധന ഭേദഗതി ബിൽ അവതരിപ്പിച്ചു.
വ്യാജമദ്യനിർമാണത്തിലും വിൽപ്പനയിലും ഏർപ്പെടുന്നവർക്ക് ജീവപര്യന്തം തടവും പത്തുലക്ഷം രൂപ പിഴയുമടങ്ങുന്ന ശിക്ഷ നൽകുമെന്ന് ശനിയാഴ്ച എക്സൈസ് മന്ത്രി എസ്. മുത്തുസാമി നിയമസഭയിൽ അവതരിപ്പിച്ച ബില്ലിൽ വ്യക്തമാക്കി.
കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ 65 പേർ മരിച്ച പശ്ചാത്തലത്തിലാണ് 1937-ലെ തമിഴ്നാട് മദ്യനിരോധന നിയമത്തിൽ ഭേദഗതിവരുത്താൻ സർക്കാർ തീരുമാനിച്ചത്.
വ്യാജമദ്യ നിർമാണം, കൈവശം വെക്കൽ, അവയുടെ കൈമാറ്റം, ഉപഭോഗം എന്നിവ കർശനമായി നിരോധിച്ചതായി ബില്ലിൽ പറയുന്നു.
വ്യാജമദ്യവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ നിലവിലെ ശിക്ഷകൾ പര്യാപ്തമല്ലെന്നുകണ്ടാണ് നിയമം ഭേദഗതിചെയ്യുന്നത്. ഇത്തരം കേസുകളിൽ ശിക്ഷാനടപടികൾ സ്വികരിക്കാൻ മജിസ്ട്രേറ്റിന് അധികാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്.