ചെന്നൈ : തമിഴ്നാട്ടിൽ ബി.എസ്.പി. നേതാവ് കെ. ആംസ്ട്രോങ്ങിനെ കൊലപ്പെടുത്തിയത് ആറാം ശ്രമത്തിലെന്ന് വിവരം.
ഒരു വർഷത്തോളമായി കൊലപാതകികൾ ഇദ്ദേഹത്തിനു പിന്നാലെയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അഞ്ചുതവണയും ആസൂത്രണം പാളിയതോടെ കൂടുതൽ ശ്രദ്ധയോടെയും തയ്യാറെടുപ്പുകളോടെയുമാണ് അടുത്തശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.
വടിവാളുകൾ കൂടാതെ നാടൻബോംബുകളും ഇവർ കരുതിയിരുന്നു.
ഒപ്പമുണ്ടായിരുന്ന രണ്ടു സഹായികൾ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇവരെ കെട്ടിടനിർമാണത്തിനായി കുഴിച്ച കുഴിയിലേക്കു തള്ളിയിടുകയായിരുന്നു.
വെട്ടിക്കൊല്ലാൻ സാധിക്കാതെവന്നാൽ ബോംബെറിയാനും പദ്ധതിയുണ്ടായിരുന്നു. ആസംട്രോങ്ങിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല ആസൂത്രണം ചെയ്തത്.
സാധാരണ പത്തോളം പേർ ആംസ്ട്രോങ്ങിന് ഒപ്പമുണ്ടാകാറുണ്ട്. എന്നാൽ, സംഭവസമയത്ത് ആരുമുണ്ടായിരുന്നില്ല.
സുരക്ഷയ്ക്കായി തോക്ക് കരുതുന്ന ശീലവും ആംസ്ട്രോങ്ങിനുണ്ടായിരുന്നു. എന്നാൽ, കൊലനടന്ന ദിവസം തോെക്കടുക്കാനും മറന്നു.
ലോക്്സഭാ തിരഞ്ഞെടുപ്പുകാലത്ത് സ്വകാര്യവ്യക്തികളുടെ തോക്കുകൾ വാങ്ങുന്നതിന്റെ ഭാഗമായി ആംസ്ട്രോങ്ങിൽ നിന്ന് തോക്ക് വാങ്ങിയെങ്കിലും കഴിഞ്ഞ മാസമത് തിരികെക്കൊടുത്തതായി പോലീസ് പറഞ്ഞു.
ഗുണ്ടാനേതാവ് സുരേഷിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായിട്ടാണ് ആംസ്ട്രോങ്ങിനെ വകവരുത്തിയതെന്നാണ് പോലീസ് നിഗമനം.