ചെന്നൈ : തഞ്ചാവൂരിൽ 22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ പിടിച്ചെടുത്തു.
വിഗ്രഹക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേകപോലീസ് സംഘമാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്.
തഞ്ചാവൂരിലെ പെരിയാർ സമത്വപുരത്തിന് സമീപം വാഹന പരിേശാധനയ്ക്കിടെ കാറിൽനിന്ന് തോക്കുകളും വിഗ്രഹങ്ങളും കണ്ടെടുക്കുകയായിരുന്നു.
കാർ ഡ്രൈവറായ സേലം സ്വദേശി ജി. രാജേഷ് കണ്ണൻ (42), കൂട്ടാളികളായ മയിലാടുംതുറൈയിലെ വി. ലക്ഷ്മണൻ (64), തിരുമുരുകൻ (39) എന്നിവരെ അറസ്റ്റുചെയ്തു.
സംഭവത്തിൽ വിശദമായ അന്വേഷണംനടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. അഞ്ചുവർഷം മുമ്പ് വീടു നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് തനിക്കു വിഗ്രഹങ്ങൾ ലഭിച്ചതെന്ന് ലക്ഷ്മണൻ പോലിസിനു മൊഴിനൽകി.
ഇക്കാര്യം സർക്കാർഅധികാരികളെ അറിയിക്കാതെ അവ വീട്ടിൽ ഒളിപ്പിച്ചു. വിവരം രാജേഷ് കണ്ണനെ അറിയിച്ചതോടെയാണ് വിദേശത്ത് വിഗ്രഹത്തിന് കോടികൾ ലഭിക്കുമെന്നു മനസ്സിലാക്കിയത്.
അടുത്തിടെ രാജേഷ് കണ്ണൻ വിഗ്രഹങ്ങൾവാങ്ങുന്ന ഒരാളെകണ്ടെത്തി വിലഉറപ്പിച്ചു. തുടർന്ന് തഞ്ചാവൂരിൽനിന്ന് വിഗ്രഹങ്ങൾ കാറിൽ ചെന്നൈയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്.