ചെന്നൈ : തമിഴ്നാട്ടിൽ എൻജിനിയറിങ് കോഴ്സുകളിൽ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക പുറത്തുവിട്ടു.
ബുധനാഴ്ച രാവിലെ ചെന്നൈയിൽ ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എജുക്കേഷൻ കമ്മിഷണർ വീരരാഘവ റാവുവാണ് പട്ടിക പുറത്തുവിട്ടത്.
ചെങ്കൽപ്പെട്ട് ഊരപ്പാക്കം ശ്രീശങ്കര വിദ്യാലയത്തിലെ എൻ. തോഷിത ലക്ഷ്മി, തിരുനെൽവേലി സ്വകാര്യ സ്കൂളിലെ കെ. നീലാഞ്ജന, നാമക്കൽ സ്വകാര്യ സ്കൂളിലെ ഗോകുൽ എന്നിവർ റാങ്ക്പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനംനേടി.
സർക്കാർ സ്കൂളിൽ പഠിച്ച് 7.5 ശതമാനം സംവരണത്തിന് അർഹരായ വിദ്യാർഥികളിൽ രാവണി ഒന്നാംറാങ്ക് നേടി.
22-ന് തുടങ്ങി സെപ്റ്റംബർ 11 വരെയാണ് പ്രവേശന കൗൺസലിങ്.
ജൂലായ് 22, 23 തീയതികളിൽ പ്രത്യേകവിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് കൗൺസലിങ് നടക്കും. പൊതുവിഭാഗത്തിനുള്ള കൗൺസലിങ് 29 മുതൽ സെപ്റ്റംബർ മൂന്നുവരെ നടക്കും.
സപ്ലിമെന്ററി കൗൺസലിങ് സെപ്റ്റംബർ ആറുമുതൽ എട്ടുവരെയാണ്. 200-നും 179-നും ഇടയിൽ കട്ട് ഓഫ് മാർക്ക് നേടിയ വിദ്യാർഥികൾ ആദ്യ റൗണ്ട് കൗൺസലിങ്ങിൽ പങ്കെടുക്കും.
രണ്ടാംറൗണ്ടിൽ 178.9-നും 142-നും ഇടയിൽ കട്ട് ഓഫ് മാർക്ക് ലഭിച്ചവരും അവസാന റൗണ്ടിൽ 141.9-നും 77-നും ഇടയിൽ കട്ട് ഓഫ് മാർക്ക് നേടിയ വിദ്യാർഥികളും പങ്കെടുക്കും.
മൊത്തം 2.53 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ അപേക്ഷിച്ചിരുന്നത്.