ചെന്നൈ : മുൻമുഖ്യമന്ത്രി പനീർശെൽവത്തെയും പാർട്ടി മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികലയെയും തിരിച്ചെടുക്കില്ലെന്ന് ആവർത്തിച്ച് അണ്ണാ ഡി.എം.കെ.
ഇതുസംബന്ധിച്ച് ചർച്ചനടന്നിട്ടില്ലെന്ന് മുതിർന്നനേതാവ് ഡി. ജയകുമാർ പറഞ്ഞു.
പനീർശെൽവം, ശശികല, ടി.ടി.വി. ദിനകരൻ എന്നിവരെ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞദിവസം പളനിസ്വാമിയുടെ വീട്ടിൽനടന്ന യോഗത്തിൽ മുതിർന്നനേതാക്കളിൽ ചിലർ ഉന്നയിച്ചുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ചർച്ച നടന്നുവെന്നത് സ്ഥാപിതതാത്പര്യക്കാരുടെ പ്രചാരണം മാത്രമാണെന്നും ജയകുമാർ പറഞ്ഞു. വഞ്ചകരെ തിരിച്ചെടുക്കണമെന്ന് പാർട്ടിയിൽ ആരും ആവശ്യപ്പെടില്ല.
പാർട്ടി ഓഫീസ് ആക്രമിച്ചയാളാണ് പനീർശെൽവം. ദിനകരനാണ് പനീർശെൽവത്തെ പാർട്ടിയുടെ നേതൃത്വത്തിലേക്ക് കൊണ്ടുവന്നത്. എന്നാൽ, പളനിസ്വാമി അങ്ങനെയല്ലെന്നും ജയകുമാർ പറഞ്ഞു.
പാർട്ടിയുടെ നന്മയ്ക്കുവേണ്ടി എല്ലാവരും ഒന്നിക്കണമെന്ന് ശശികലയും പനീർശെൽവവും ആവർത്തിച്ച് ആവശ്യപ്പെടവേയാണ് പളനിസ്വാമിപക്ഷം നിലപാട് വ്യക്തമാക്കിയത്.
ഐക്യത്തിന് ആഹ്വാനംചെയ്ത് ശശികല സംസ്ഥാനപര്യടനം നടത്താൻ ഒരുങ്ങുകയാണ്. പാർട്ടിയുടെ ഗുണത്തിനായി എന്തുത്യാഗത്തിനും തയ്യാറാണെന്ന് കഴിഞ്ഞദിവസം പനീർശെൽവം പറഞ്ഞിരുന്നു.
തുടർന്നാണ് ഇവരെ തിരിച്ചെടുക്കണമെന്ന് കഴിഞ്ഞദിവസം പളനിസ്വാമിയുടെ വീട്ടിൽനടന്ന യോഗത്തിൽ ആവശ്യമുയർന്നതെന്നാണ് വിവരം.
പളനിസ്വാമി ഇതിനെ എതിർത്തത് വാഗ്വാദത്തിന് കാരണമായെന്നും റിപ്പോർട്ടുണ്ടായിരുന്നു.