ചെന്നൈ : ദിണ്ടിഗൽ-തേനി-കുമളി സെക്ഷനിൽ 131 കിലോമീറ്റർ റോഡ് നാലുവരിപ്പാതയാക്കാൻ നടപടിതുടങ്ങി.
ഇതിന്റെ ഭാഗമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കും.
ഡി.പി.ആറിനായി കൺസൾട്ടന്റിനെ ഉടൻ നിയമിക്കുമെന്ന് ഹൈവേ അതോറിറ്റി അറിയിച്ചു.
ഡി.പി.ആർ റിപ്പോർട്ടു സമർപ്പിച്ചശേഷം ഹൈവേ മന്ത്രാലയത്തിന് അയക്കും. അവിടെനിന്ന് ഫണ്ട് അനുവദിച്ചാലുടൻ പാതനിർമാണം തുടങ്ങാനാണ് തീരുമാനം.
നിലവിൽ ഇവിടെ രണ്ടുവരിപ്പാതയാണുള്ളത്. നാലുവരിപ്പാതയായി വികസിപ്പിക്കുന്നതോടെ തമിഴ്നാടിനും കേരളത്തിനുമിടയിൽ യാത്രാസമയം കുറയ്ക്കാനാവും.
ഇതോടൊപ്പംതന്നെ തിരുച്ചിറപ്പള്ളി-കാരൈക്കുടി സെക്ഷൻ, നാഗപട്ടണം-തഞ്ചാവൂർ സെക്ഷൻ എന്നിവിടങ്ങളിലെ രണ്ടുവരിപ്പാത ഇരട്ടിപ്പിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടും തയ്യാറാക്കും.
മൂന്നു പദ്ധതികളുംചേർന്ന് മൊത്തം 292 കിലോമീറ്ററാണ് നാലുവരിപ്പാതയാക്കി മാറ്റുക. തിരുച്ചിറപ്പള്ളി-കാരൈക്കുടി നാലുവരിപ്പാത വരുന്നതോടെ രാമേശ്വരം, രാമനാഥപുരം, പരമക്കുടി, കാരൈക്കുടി, ദേവകോട്ടൈ, ശിവഗംഗ എന്നിവിടങ്ങളിലേക്കുള്ള യാത്രാസമയം ഗണ്യമായി കുറയ്ക്കാനാകും.