ചെന്നൈ: തക്കാളി വില കൂടി. ജൂൺ 20ന് ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ തക്കാളി 80 രൂപയ്ക്കും പുറം ചന്തകളിലും ചില്ലറ വിൽപന കടകളിലും 100 രൂപയ്ക്ക് വരെയാണ് തക്കാളി വിറ്റിരുന്നത്.
അതിനുശേഷം വില അൽപ്പം കുറയുകയും ഈ മാസം ആദ്യം കിലോയ്ക്ക് 30 മുതൽ 40 രൂപ വരെ വിൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പോലും കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ 40 മുതൽ 50 രൂപ നിരക്ക് വരെയാണ് വിറ്റത്.
എന്നാൽ ഇന്നലെ ഇതിൻ്റെ വില ‘ദ്രുതഗതിയിൽ’ കൂടുകയായിരുന്നു. ഒറ്റ ദിവസം കൊണ്ട് കിലോയ്ക്ക് 20 മുതൽ 30 രൂപ വരെ ഉയർന്നിരുന്നു. ഇതുമൂലം ചെന്നൈയിലെ കോയമ്പേട് മാർക്കറ്റിൽ ഒരു കിലോ തക്കാളി 60 രൂപ മുതൽ 80 രൂപക്ക് വരെയാണ് വിറ്റത്.
ചില്ലറ വിൽപന കടകളിലും പുറം ചന്തകളിലും 70 മുതൽ 90 രൂപ വരെ വിൽപന നടത്തുന്നതും ചിലയിടങ്ങളിൽ നൂറ് അടിക്കുന്നതും കണ്ടു.
തക്കാളിയുടെ വില പോലെ പച്ചമുളകിൻ്റെ വിലയും കുതിച്ചുയർന്നു. കഴിഞ്ഞ ദിവസം കിലോയ്ക്ക് 50 മുതൽ 55 രൂപ വരെ വിലയുണ്ടായിരുന്ന മുളക് കിലോയ്ക്ക് 30 മുതൽ 35 രൂപ വരെ വർധിച്ച് 80 മുതൽ 90 രൂപ വരെയാണ് വിറ്റത്.