ചെന്നൈ : വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിന് സമാനമായരീതിയിൽ ഡേറ്റകൾ ശേഖരിച്ചുവെക്കുന്ന ഉപകരണം തീവണ്ടിയിൽ സ്ഥാപിക്കുന്നതും സുരക്ഷാസാങ്കേതികസംവിധാനമായ ‘കവച്’ നടപ്പാക്കുന്നതും ഊർജിതമാക്കണമെന്ന് ചീഫ് സേഫ്റ്റി കമ്മിഷണർ റെയിൽവേ ബോർഡിന് നിർദേശംനൽകി.
തുടർച്ചയായി തീവണ്ടി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണിത്.
ബ്ലാക്ക് ബോക്സിന് സമാനമായ ക്രൂ വോയ്സ് ആൻഡ് വീഡിയോ റെക്കോഡിങ് സിസ്റ്റം (സി.വി.വി.ആർ.എസ്.) സ്ഥാപിക്കണമെന്നാണ് നിർദേശം.
ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പാതകളിലൂടെ സർവീസ് നടത്തുന്ന വണ്ടികളിലാണ് സി.വി.വി.ആർ.എസ്. സ്ഥാപിക്കുന്നത്.
ഈ ഉപകരണത്തിൽ ലോക്കോ പൈലറ്റ് വണ്ടിയിലെ ഗാർഡുമാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും കൈമാറിയ സന്ദേശങ്ങൾ റെക്കോഡ്ചെയ്യും.
കൂടാതെ, സിഗ്നൽ തകരാറാണോ ഇലക്ട്രോണിക് സംവിധാനങ്ങളുടെ പിഴവാണോ അപകടത്തിന് കാരണമെന്നും റെക്കോഡ് ചെയ്യും.
പശ്ചിമബംഗാളിൽ കാഞ്ചൻജംഗ എക്സ്പ്രസ് വണ്ടി ചരക്ക് വണ്ടിയിലിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ബ്ലാക്ക് ബോക്സിന് സമാനമായഉപകരണം സ്ഥാപിക്കുന്നതിന്റെ പ്രാധാന്യത്തെ ക്കുറിച്ച് ചീഫ് സേഫ്റ്റി കമ്മിഷണർ പറഞ്ഞത്.
2018-ലാണ് തീവണ്ടിയപകടങ്ങൾ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ സി.വി.വി.ആർ.എസ്. സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രി അറിയിച്ചത്.
ഡീസൽ, ഇലക്ട്രിക് ലോക്കോമോട്ടീവുകളിൽ സി.വി.വി.ആർ.എസ്. സ്ഥാപിക്കുമെന്നും അറിയിച്ചു.
2018-2019 സാമ്പത്തികവർഷത്തിൽ 3500 എൻജിനുകളിൽ സി.വി.വി.ആർ.എസ്. ഘടിപ്പിക്കാൻ 100 കോടിരൂപ അനുവദിച്ചിരുന്നു.
5000 സി.വി.വി.ആർ.എസ്. വാങ്ങാനും തീരുമാനിച്ചിരുന്നു. ഇപ്പോൾ അവ ഘടിപ്പിക്കുന്ന പ്രവർത്തനത്തിലാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സിഗ്നൽത്തകരാർമൂലം 2019 ഏപ്രിൽ ഒന്നുമുതൽ 2024 മാർച്ച് 31 വരെ തീവണ്ടികൾ അപകടാവസ്ഥയിലൂടെ കടന്നുപോയത് 208 തവണ.
ഇതിൽ ഒൻപതുതവണ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടമുണ്ടായി. സേഫ്റ്റി കമ്മിഷണർ നടത്തിയ അന്വേഷണത്തിലാണ് ഈ വെളിപ്പെടുത്തൽ.
കാഞ്ചൻജംഗ എക്സ് പ്രസ് അപകടം ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനത്തിലുണ്ടായ തകരാറാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞു.
ഒരേപാതയിൽ രണ്ടുവണ്ടികൾ വരുമ്പോൾ ലോക്കോപൈലറ്റിന് വേഗം നിയന്ത്രിക്കാനാകാതെ വരുകയാണെങ്കിൽ നിശ്ചിത ദൂരപരിധിയിൽനിന്ന് ബ്രേക്കിങ് സിസ്റ്റം ഓട്ടോമാറ്റിക്കായി പ്രവർത്തിച്ച് വണ്ടിനിർത്തും.
റേഡിയോ ടെക്നോളജിയും ജി.പി.എസ്.സംവിധാനവും ഉപയോഗിച്ചാണ് ഇത് സാധ്യമാകുക. സിഗ്നൽ സംവിധാനം കാര്യക്ഷമമാക്കാൻ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷന് (ആർ.ഡി.എസ്.ഒ.) സേഫ്റ്റി കമ്മിഷണർ നിർദേശംനൽകിയിട്ടുണ്ട്.