ചെന്നൈ : നഗരത്തിൽ നടന്നുവരുന്ന രണ്ടാംഘട്ട മെട്രോ റെയിൽവേ പാതകളുടെ നിർമാണത്തിന്റെ പുരോഗതി അറിയാൻ യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ പൂനമല്ലി, റോയപ്പേട്ട എന്നിവിടങ്ങളിലെ പണികൾ വീക്ഷിച്ചു. നിർമാണത്തിലെ പുരോഗതിയെക്കുറിച്ച് മെട്രോ റെയിൽവേ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.
ലൈറ്റ് ഹൗസിൽനിന്ന് പുനമല്ലി ബൈപ്പാസിലേക്കും മാധാവരത്തുനിന്ന് സിറുശ്ശേരിയിലേക്കും മാധാവരം മിൽക്ക് കോളനിയിൽനിന്ന് ഷോളിങ്കനല്ലൂരിലേക്കുള്ള മൂന്ന് മെട്രോ പാതകളുടെയും റെയിൽവേ സ്റ്റേഷനുകളുടെയും നിർമാണമാണ് നടന്ന് വരുന്നത്.
2028- ഓടെ മൂന്ന് പാതകളുടെയും നിർമാണം പൂർത്തീകരിക്കുമെന്ന് മെട്രോ റെയിൽ അധികൃതർ മന്ത്രി ഉദയനിധി സ്റ്റാലിനെയും അറിയിച്ചു.
മൂന്ന് പാതയുടെയും നിർമാണം പൂർത്തീകരിക്കുന്നതിടയിൽ തന്നെ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കിളാമ്പാക്കം ബസ് സ്റ്റാൻഡിലേക്കുള്ള 15.5 കിലോമീറ്റർ മെട്രോ റെയിൽ പാതയുടെയും കോയമ്പേടിൽനിന്ന് ആവഡിയിലേക്കുള്ള 16.07 കിലോമീറ്റർ മെട്രോ റെയിൽപ്പാതയുടെയും വിശദ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുമെന്നും റെയിൽവേ അധികൃതർ മന്ത്രിയെ അറിയിച്ചു.
പൂനമല്ലി ബൈപ്പാസ് മുതൽ പരന്തൂരിലെ നിർദിഷ്ട വിമാനത്താവളത്തിലേക്കുള്ള എം.ആർ.ടി.എസ്. (മാസ് റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം) റെയിൽവേ പാതയുടെ സാധ്യത പഠനം, താംബരത്ത് വേളാച്ചേരി വഴി ഗിണ്ടി വരെയുള്ള എം.ആർ.ടി.എസ്. പാതയ്ക്കായുള്ള സാധ്യത പഠനവും വൈകാതെ പൂർത്തീകരിക്കുമെന്ന് മെട്രോ റെയിൽവേ ഉദ്യോഗസ്ഥർ ഉദയനിധി സ്റ്റാലിനെ അറിയിച്ചു.