ചെന്നൈ : രണ്ടുവർഷത്തിനുശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡി.എം.കെ. യുടെ പ്രധാന സമിതിയിൽ ഉദയനിധി സ്റ്റാലിനെ ഉൾപ്പെടുത്തി.
അഞ്ചംഗ ഏകോപന സമിതിയിലേക്കാണ് നിയമിച്ചിരിക്കുന്നത്. മുതിർന്ന മന്ത്രിമാരായ കെ.എൻ. നെഹ്റു, ഇ.വി. വേലു, തങ്കം തെന്നരശ്, ഡി.എം.കെ. സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി എന്നിവരാണ് മറ്റ് അംഗങ്ങൾ.
ഉദയനിധിക്ക് ഉപമുഖ്യമന്ത്രി പദവി നൽകുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് അടുത്ത തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഖ്യസമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പോടെ ഡി.എം.കെ.യുടെ മുഖമായി ഉദയനിധിയെ ഉയർത്തിക്കാട്ടുന്നതിനുവേണ്ടിയുള്ള നീക്കങ്ങളാണ് ഇപ്പോൾ പാർട്ടിയിൽ നടത്തുന്നത്.
ഇതിന്റെ ഭാഗമാണ് കായികമന്ത്രിയായ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്. തിരഞ്ഞെടുപ്പ് ഏകോപനസമിതിയിൽ ഉദയനിധിയെ ഉൾപ്പെടുത്തിയിരിക്കുന്നതും തയ്യാറെടുപ്പുകളിൽ മുഖ്യപങ്കുവഹിക്കുന്നതിന് വേണ്ടിയാണ്.
തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് സംബന്ധിച്ച് പാർട്ടിഘടകങ്ങൾക്ക് നിർദേശം നൽകുന്നതടക്കം ഏകോപനസമിതിയുടെ ചുമതലയാണ്.