ചെന്നൈ : തീവണ്ടിയപകടങ്ങളുടെ കാരണം കണ്ടെത്തുന്നതിനു മുൻപുതന്നെ ജീവനക്കാരെ പഴിചാരി കൈകഴുകുന്ന അധികൃതരുടെ നടപടികളിൽ റെയിൽവേ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചു.
വർധിച്ചുവരുന്ന അപകടങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും ഒഴിവാകാൻ അനുവദിക്കരുതെന്ന് പതിനൊന്ന് റെയിൽവേ സംഘടനകളും കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്തപ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സുരക്ഷാമാർഗനിർദേശങ്ങൾ അവഗണിക്കാൻ മുകളിൽനിന്ന് നിർദേശംവരുന്നതും ഒഴിവുകൾ നികത്താത്തതും തന്ത്രപ്രധാനമേഖലകൾപോലും സ്വകാര്യവത്കരിക്കുന്നതുമാണ് അടുത്തകാലത്ത് തീവണ്ടിയപകടങ്ങൾ പെരുകാൻ കാരണമെന്ന് പ്രസ്താവന പറയുന്നു.
അപകടങ്ങളുണ്ടായാൽ അതിന്റെ കാരണം നിർണയിക്കുന്നതിന് മുൻപുതന്നെ ലോക്കോ പൈലറ്റും സ്റ്റേഷൻ മാസ്റ്ററും ട്രെയിൻ മാനേജരുമടക്കമുള്ളവർക്കാണ് ഉത്തരവാദിത്വമെന്ന് പ്രഖ്യാപിക്കുകയാണ് അധികൃതർ ചെയ്യുന്നത്.
മിക്ക അപകടങ്ങളിലും ലോക്കോ പൈലറ്റ് ഉൾപ്പെടെയുള്ളവർക്ക് ജീവഹാനി സംഭവിക്കാറുള്ളതുകൊണ്ട് അവരുടെ വിശദീകരണം കിട്ടാറില്ല.
ലാഭംമാത്രം ലക്ഷ്യംവെക്കുന്ന സ്വകാര്യ കമ്പനിയെപ്പോലെയാണ് റെയിൽവേ പലപ്പോഴും പ്രവർത്തിക്കുന്നത്. വരുമാനം വർധിപ്പിക്കാൻ വന്ദേഭാരത് പോലുള്ള നിരക്കുകൂടിയ വണ്ടികൾ ഇറക്കുന്നു.
ചെലവുകുറയ്ക്കുന്നതിനായി തസ്തികകൾ നികത്താതെയിടുന്നു. സ്വന്തമായുള്ള അത്യാധുനിക സിഗ്നലിങ് വർക്ക് ഷോപ്പുകൾ അടച്ചിട്ട്, സിഗ്നൽ സംവിധാനം സ്ഥാപിക്കാനുള്ള ചുമതല സ്വകാര്യകമ്പനികൾക്ക് നൽകുന്നു.
സ്വകാര്യകമ്പനികൾ വ്യത്യസ്തസംവിധാനങ്ങൾ അവലംബിക്കുന്നതുകാരണം ഏകോപനം കാര്യക്ഷമമായി നടക്കുന്നില്ല.
കീഴ്ജീവനക്കാരല്ല, അവർക്കുമേൽ അമിതസമ്മർദമേൽപ്പിക്കുന്ന ഉന്നതരാണ് അപകടങ്ങളുടെ യഥാർഥ ഉത്തരവാദികളെന്നും പ്രസ്താവന കുറ്റപ്പെടുത്തുന്നു.