ചെന്നൈ : ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന റൗഡി നഗേന്ദ്രന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഭാര്യ വിശാലാക്ഷി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു.
ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ.ആംസ്ട്രോങിന്റെ കൊലപാതകവുമായി നഗേന്ദ്രന് ബന്ധമുണ്ടെന്ന വിവരം പുറത്ത് വന്നതിനെത്തുടർന്നാണ് വിശാലാക്ഷി കമ്മിഷൻ പരാതി നൽകിയത്.
ഇതേകേസിലെ പ്രതികളിൽ ഒരാളായ തിരുവെങ്കടത്തെപ്പോലെ തന്റെ ഭർത്താവും പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഇവരുടെ പരാതിയിൽ പറയുന്നത്.
ഒരു കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട വെല്ലൂരിലെ ജയിലിൽ കഴിയുന്ന നഗേന്ദ്രനെ ആംസ്ട്രോങ് കൊലപാതക കേസിൽ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് ശ്രമിക്കുന്നുണ്ട്.
കസ്റ്റഡിയിൽ എടുക്കുമ്പോൾ ഏറ്റുമുട്ടൽ കൊലപാതകം നടത്താൻ സാധ്യതയുണ്ടെന്നാണ് വിശാലാക്ഷി ആരോപിക്കുന്നത്.
ആസ്ട്രോങ്ങിന്റെ കൊലപാതകത്തെത്തുടർന്ന് സംസ്ഥാന സർക്കാരിനും പോലീസും എതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇതോടെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിന് പ്രത്യേക പരിശോധനകൾ അടക്കം നടപടി തുടങ്ങി. ഇതിനൊപ്പം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്താനും പോലീസ് പദ്ധതിയിടുന്നതായും ആരോപണമുണ്ട്.
തിരുവെങ്കിടം കൂടാതെ മറ്റൊരു റൗഡിയും കഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.