ചെന്നൈ : നിപ വൈറസ് ബാധയെത്തുടർന്ന് മലപ്പുറത്ത് കുട്ടി മരിച്ചസംഭവത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തോടുചേർന്നുള്ള തമിഴ്നാട് അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കി.
സർക്കാരിന്റെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് വാളയാർ ചെക് പോസ്റ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പരിശോധനനടത്തുന്നത്.
നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലെ ചെക് പോസ്റ്റുകളും നിരീക്ഷിക്കുന്നുണ്ട്.
കേരളത്തിൽനിന്നുവരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളിലെ യാത്രക്കാർക്ക് പനിയോ തൊണ്ടവേദനയോ പോലുള്ള ലക്ഷണങ്ങളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
തെർമോമീറ്ററുപയോഗിച്ച് യാത്രക്കാരുടെ ശരീരോഷ്മാവും ആരോഗ്യസ്ഥിതിയും മറ്റും പരിശോധിച്ചശേഷമാണ് തുടർയാത്ര അനുവദിക്കുന്നത്.
സംശയംതോന്നുകയാണെങ്കിൽ യാത്ര അത്യാവശ്യമല്ലാത്തവരോട് മടങ്ങാനും നിർദേശിക്കുന്നുണ്ട്. യാത്രാലക്ഷ്യവും വിശദമാക്കണം. വാഹനങ്ങളുടെ നമ്പറും യാത്രക്കാരുടെപേരും മേൽവിലാസവും ശേഖരിക്കുന്നുണ്ട്. മുഖാവരണംധരിക്കാനും നിർദേശംനൽകുന്നുണ്ട്.