ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്കെതിരേയുള്ള ഡിജിറ്റൽ തെളിവ് ഹാജരാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീംകോടതി.
ബാലാജി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ തെളിവുണ്ടെന്നായിരുന്നു ഇ.ഡി.യുടെ വാദം.
67 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായി തെളിയിക്കുന്ന രേഖകൾ പെൻഡ്രൈവിലുണ്ടെന്നും വാദിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു തെളിവ് അടങ്ങിയ ഫയൽ ഈ പെൻഡ്രൈവിൽ ഇല്ലെന്നാണ് ബാലാജിയുടെ അഭിഭാഷകൻ വാദിച്ചത്.
തുടർന്നാണ് പെൻഡ്രൈവിലെ തെളിവ് ഹാജരാക്കാൻ നിർദേശിച്ചത്. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്കയച്ചു നൽകുകയും അതിൽ തെളിവുണ്ടെന്ന് വ്യക്തമാകുകയും ചെയ്തിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു.
എന്നാൽ, വ്യക്തമായ മറുപടിനൽകാൻ ഇ.ഡി.ക്കുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയ്ക്കും അഭിഭാഷൻ സൊഹൈബ് ഹുസൈനും കഴിഞ്ഞില്ല.
പെൻഡ്രൈവ് പിന്നീട് കോടതിമുഖേന ഇ.ഡി. കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്ന് ഇവർ അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ സാധിച്ചില്ല. കേസ് വ്യാഴാഴ്ചത്തേക്ക് മാറ്റുകയും തെളിവ് ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു.