അങ്കോല: കര്ണാടകയിലെ ഷിരൂരില് മണ്ണിടിച്ചിലില് കാണാതായ ട്രക്ക് ഡ്രൈവര് അര്ജുനായുള്ള തിരച്ചില് പത്താംദിനമായ ഇന്നും തുടരും.
പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്കരമാക്കുന്നത്.
നാവികസേനയുടെ സോണാര് ഉപയോഗിച്ച് നടത്തിയ പരിശോധനയില് ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില് കണ്ടെത്തിയ അര്ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം.
കരയില്നിന്ന് 20 മീറ്റര് അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില് ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര് താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്.
ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന് നാവികസേനയുടെ സ്കൂബാ ടീമിന് ഇന്നലെ കഴിഞ്ഞിരുന്നില്ല.
ഇന്നും പുഴയിൽ ശക്തമായ അടിയൊഴുക്ക് തുടരുന്നതാണ് നാവികസേന ദൗത്യത്തിന് വെല്ലുവിളിയാകുന്നത്.
ഒന്നു മുതൽ രണ്ട് നോട്ട്സ് വരെയുള്ള ശക്തമായ അടിയൊഴുക്കാണെങ്കിലും നാവിക സേനയുടെ സ്കൂബ സംഘത്തിന് തിരച്ചിൽ നടത്താനാകും.
എന്നാൽ ഇന്നലെ പുഴയിലെ വെള്ളത്തിന്റെ അടിയൊഴുക്ക് എട്ടു നോട്ട്സ് ആയിരുന്നു. 100 കിലോ ഭാരം കെട്ടിയ കൂറ്റൻ വടം പുഴയിലേക്ക് ഇട്ടു നോക്കിയെങ്കിലും ഒഴുകിപ്പോയിരുന്നു.
നിലവിൽ 6 നോട്ട് സ്പീഡിലാണ് ഗംഗാവലിപ്പുഴയുടെ ഒഴുക്ക്. അത് പകുതിയോളം കുറയ്ക്കാനാകുമോ എന്നാണ് നാവികസേന പരിശോധിക്കുന്നത്.
താൽക്കാലിക ചെക്ക് ഡാമുണ്ടാക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.
കാറ്റും മഴയും ശമിച്ചാൽ അഞ്ച് പേരടങ്ങുന്ന സംഘം ഡിങ്കി ബോട്ടിൽ ലോറിയുള്ള സ്പോട്ടിലേക്ക് പോകും.
ശരീരത്തിൽ കയർ കെട്ടി ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെ പുഴയിലിറങ്ങും. ഇവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ.
ഷിരൂരിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. രണ്ടര കിലോമീറ്റർ ഉയരത്തിൽ പറക്കാനും 20 മീറ്റർ ആഴത്തിലുള്ള ദൃശ്യങ്ങൾ പകർത്താനും കഴിയുന്ന അഡ്വാൻസ്ഡ് ഡ്രോൺ ബേസ്ഡ് ഇന്റലിജന്റ് അണ്ടർ ഗ്രൗണ്ട് ബറീഡ് ഒബ്ജക്ട് ഡിറ്റക്ടറി സ്ഥലത്തെത്തിച്ചിട്ടുണ്ട്.