ചെന്നൈ: രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾപറ്റാനായി പണനൽകി വോട്ടുനേടുന്ന കേസുകൾ അന്വേഷിക്കുന്നതിൽനിന്ന് പോലീസ് മുഖംതിരിക്കുന്നതായി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിമർശനം.
തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങൾക്ക് പണംനൽകി വോട്ടുനേടുന്ന കേസുകളിൽ അന്വേഷണംനടത്താനുള്ള ഏറ്റവുംമികച്ച സംവിധാനമാണ് പോലീസ്.
എന്നാൽ, രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റാൻവേണ്ടി അവർ അത്തരംകേസുകളിൽ നിഷ്ക്രിയത്വംകാട്ടുന്നതിനെ അംഗീകരിക്കാനാവില്ല.
പോലീസിന്റെഭാഗത്തുനിന്നുണ്ടാവുന്ന ഏറ്റവും മോശപ്പെട്ട പ്രവൃത്തികളിലൊന്നാണിത്. ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശില.
പണവും ഭക്ഷണവും സമ്മാനങ്ങളുംനൽകി വോട്ടർമാരെ ആകർഷിക്കുന്നത് മോശപ്പെട്ട കീഴ്വഴക്കമാണ്. ഓരോതിരഞ്ഞെടുപ്പിലും പിരിച്ചെടുക്കുന്ന തുക ഭയാനകമാണ്.
ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ പണക്കാരും കരുത്തുള്ളവരും പരാജയപ്പെടുത്തുന്നെന്നാണ് ഇതുനൽകുന്ന സൂചന. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ കർശനവിചാരണയ്ക്ക് വിധേയരാക്കേണ്ടതുണ്ട്. -ജസ്റ്റിസ് ബി. പുഗഴേന്തി നിരീക്ഷിച്ചു.
രാഷ്ട്രീയകക്ഷികളുമായുള്ള ഒത്തുതീർപ്പിൽ വോട്ടിന് പണംനൽകുന്ന കേസുകൾ ഒരിക്കലും റദ്ദാക്കരുതെന്നും കോടതി നിർദേശിച്ചു.
2019, 2024 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 2021 നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിലും വോട്ടർമാർക്ക് പണംനൽകിയതിന് രജിസ്റ്റർചെയ്ത കേസുകളുടെ കണക്ക് സമർപ്പിക്കാൻ ഡി.ജി.പി.യോട് ആവശ്യപ്പെട്ടു.
ഇവയിൽ എത്രകേസുകളിൽ ശിക്ഷനൽകിയെന്നുള്ള വിശദാംശങ്ങളും നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വോട്ടർമാർക്ക് പണംനൽകിയ സംഭവത്തിൽ ശിവഗംഗയിലെ അരുൾരാജ്, രാജഗോപാൽ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.