Read Time:1 Minute, 23 Second
ചെന്നൈ: റോഡരികുകളിൽ ഏറെക്കാലമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലംചെയ്ത് വിൽക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു.
ചെന്നൈ സിറ്റി പോലീസിന്റെ പരിധിയിൽ 1310 വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. തെക്കൻ ചെന്നൈയിൽ 395 വാഹനങ്ങളും വടക്കൻ ചെന്നൈയിൽ 271 വാഹനങ്ങളും സെൻട്രൽ ചെന്നൈയിൽ 644 വാഹനങ്ങളും പലയിടങ്ങളിലുമാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഈവർഷം ഫെബ്രുവരി മാസത്തിലാണ് വാഹനങ്ങൾ പിടിച്ചത്. ഇരുചക്രവാഹനങ്ങൾ, ഒട്ടോറിക്ഷകൾ, കാറുകൾ എന്നിവ നിർത്തിയിട്ടവയിൽ ഉൾപ്പെടും.
ഇതിൽ 80 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
ലേലംചെയ്ത് വിൽപ്പന നടത്തുന്ന വിവരം ചെന്നൈ കോർപ്പറേഷൻ അധികൃതരെയും അറിയിച്ചിട്ടുണ്ട്.