ചെന്നൈ : ബി.എസ്.പി. നേതാവ് ആംസ്ട്രോങ് കൊല്ലപ്പെട്ട കേസിൽ അഭിഭാഷകനുൾപ്പെടെ രണ്ടുപേർകൂടി അറസ്റ്റിലായി. അറസ്റ്റിലായവർ ഇതോടെ 18 ആയി ഉയർന്നു.
18 പേരിൽ അഞ്ചുപേർ അഭിഭാഷകരാണ്. തിരുവള്ളൂർ ജില്ലയിലെ മണലിയ്ക്ക് സമീപം മാത്തൂർ സ്വദേശിയും അഭിഭാഷകനുമായ ശിവ(45)യും പെരമ്പൂർ സ്വദേശിയായ പ്രദീപി(27)നെയുമാണ് അറസ്റ്റ് ചെയ്തത്.
ശിവയെയും പ്രദീപിനെയും പോലീസ് എഗ്മോർ മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. കോടതി ശിവയെ രണ്ടാഴ്ചത്തേക്ക് പൂനമല്ലി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
ആംസ്ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഒരാൾകൂടി പിടിയിലായിട്ടുണ്ട്. കൊലക്കേസ് പ്രതികളെ സഹായിച്ചെന്ന് സംശയിക്കുന്ന മുകിലനാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.
കേസുമായി ബന്ധമുണ്ടെന്നു കരുതുന്ന 50 പേരുടെ പട്ടിക പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു.