ചെന്നൈ : തമിഴ്നാട്ടിൽ രാഷ്ട്രീയ നേതാക്കൾക്കെതിരായ ആക്രമണങ്ങൾ വീണ്ടും. കഴിഞ്ഞരാത്രിയിൽ വിവിധയിടങ്ങളിലായി മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. ശിവഗംഗയിൽ ബി.ജെ.പി. നേതാവിനെയും കടലൂരിൽ അണ്ണാ ഡി.എം.എം.കെ. നേതാവിനെയും കന്യാകുമാരിയിൽ കോൺഗ്രസ് നേതാവിനെയുമാണ് അജ്ഞാതസംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ശിവഗംഗയിൽ ബി.ജെ.പി. സഹകരണവിഭാഗം ജില്ലാ സെക്രട്ടറി സെൽവകുമാറിനെ (52) നാലംഗ സംഘമെത്തി വെട്ടുകയായിരുന്നു. സെൽവകുമാർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
കടലൂർ ജില്ലയിലെ തിരുപ്പനപ്പാക്കത്താണ് അണ്ണാ ഡി.എം.കെ. വാർഡ് സെക്രട്ടറി പത്മനാഥനെ(43) കാറിലെത്തിയ സംഘം കൊലപ്പെടുത്തിയത്. ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തതിനുശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ അക്രമികൾ തടയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലാണ് കോൺഗ്രസ് പ്രാദേശിക നേതാവ് ജാക്സൺ(38) കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഉഷാറാണി തിരുവട്ടാർ ടൗൺ പഞ്ചായത്ത് കൗൺസിലറാണ്.
വീടിനുസമീപം നിന്ന ജാക്സണെ ഒരു സംഘമാളുകളെത്തി ആക്രമിക്കുകയായിരുന്നു. ബി.എസ്.പി. സംസ്ഥാന പ്രസിഡന്റ് കെ. ആംസ്ട്രോങ്ങിന്റെ കൊലപാതകം നടന്നതും ഈ മാസമാണ്. ഇതേത്തുടർന്ന് സംസ്ഥാനവ്യാപകമായി ഗുണ്ടകളെ പിടികൂടാൻ പോലീസ് നടപടി ശക്തമാക്കിയതിനിടെയാണ് ഇപ്പോൾ അടുത്തടുത്ത് കൊലപാതകങ്ങൾ നടന്നത്.