പുതുച്ചേരി : സർക്കാർ സ്കൂളുകളിൽ പഠിച്ച് ഉന്നതവിദ്യാഭ്യാസത്തിനുപോകുന്ന കുട്ടികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി പുതുച്ചേരിയിലും.
വെള്ളിയാഴ്ച സംസ്ഥാനബജറ്റ് അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി എൻ. രംഗസാമിയാണ് ഈ പ്രഖ്യാപനം നടത്തിയത്. തമിഴ്നാട്ടിൽ ഈ പദ്ധതി നിലവിലുണ്ട്.
ഈ സാമ്പത്തികവർഷത്തേക്ക് 12,700 കോടി രൂപയുടെ ബജറ്റാണ് ധനകാര്യവകുപ്പിന്റെകൂടി ചുമതലയുള്ള മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പുതിയ നികുതി നിർദേശങ്ങളില്ലാത്ത ബജറ്റിൽ ആഭ്യന്തരവരുമാനമായി 6914 കോടി രൂപയും കേന്ദ്ര സർക്കാരിൽനിന്ന് 3268 കോടി രൂപയും വായ്പയായി 2066 കോടി രൂപയുമാണ് പ്രതീക്ഷിക്കുന്നത്.
സർക്കാർ സ്കൂളുകളിൽ ആറുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിൽ പഠിച്ച കുട്ടികൾ ഉന്നതവിദ്യാഭ്യാസത്തിനു ചേരുമ്പോൾ മൂന്നുവർഷത്തേക്കാണ് പ്രതിമാസം 1000 രൂപ ലഭിക്കുക.
തമിഴ്നാട്ടിൽ 2022 സെപ്റ്റംബറിൽ പെൺകുട്ടികൾക്കും ഈവർഷംമുതൽ ആൺകുട്ടികൾക്കും പദ്ധതി നടപ്പാക്കിയിട്ടുണ്ട്.
ആദിദ്രാവിഡർ വിഭാഗത്തിലെ വിദ്യാർഥിനികൾക്കും ജോലിക്കാരായ സ്ത്രീകൾക്കും വൈദ്യുതസ്കൂട്ടർ വാങ്ങാൻ 75 ശതമാനം സബ്സിഡി, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവർക്ക് ചികിത്സാചെലവ് തിരിച്ചുനൽകൽ, കുടിലുകളിൽ താമസിക്കുന്നവർക്ക് വീടുനിർമിക്കുന്നിതിന് സഹായധനം, പട്ടിക വിഭാഗത്തിൽപ്പെട്ടവർ കൂടുതലുള്ള ഗ്രാമങ്ങളുടെ അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.
അടച്ചിട്ടിരിക്കുന്ന റേഷൻകടകൾ വീണ്ടും തുറക്കുമെന്നും ഗോതമ്പ്, പയർവർഗങ്ങൾ, പഞ്ചസാര, എണ്ണ എന്നിവ സബ്സിഡിനിരക്കിൽ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കാരയ്ക്കലിൽ മ്യൂസിയം സ്ഥാപിക്കും. ഭാരതിയാർ, ഭാരതിദാസൻ മ്യൂസിയങ്ങൾ നവീകരിക്കും. നരേന്ദ്രമോദിയെ മൂന്നാംതവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് ജനങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.