ചെന്നൈ : സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ വിലകൂടിയ മരങ്ങൾ മുറിച്ചുവിൽക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ ശക്തമാക്കാനൊരുങ്ങി തമിഴ്നാട്.
മരം മുറിക്കുന്നവർക്ക് തടവുശിക്ഷ നൽകുന്നതുൾപ്പെടെ വനംവകുപ്പുനിയമങ്ങളിൽ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും.
തമിഴ്നാട്ടിൽ ഹരിതവിസ്തൃതി വർധിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് ഇത്തരം മരങ്ങൾ സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും എന്നാൽ, സർക്കാർ സ്ഥലങ്ങളിലെ മരങ്ങൾ സമൂഹവിരുദ്ധർ വ്യാപകമായി മുറിച്ചുമാറ്റുന്നുണ്ടെന്നും അതുനിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാനടപടികൾ കടുപ്പിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
തമിഴ്നാട്ടിലെ ഹരിതവിസ്തൃതി വർധിപ്പിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വികരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ഗ്രീൻ തമിഴ്നാട് എന്ന സംരംഭത്തിനുകീഴിൽ വൃക്ഷത്തൈകൾ നടുന്നത് വ്യാപകമാക്കി.
സ്വകാര്യ ഏജൻസികളുമായി കൈകോർത്താണ് സർക്കാർ ഈ സംരംഭം നടപ്പാക്കുന്നത്. നിലവിലെ മരങ്ങൾ സംരക്ഷിക്കാനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.