ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പോലീസ് തടഞ്ഞ ഓട്ടോറിക്ഷ മറിഞ്ഞു അഞ്ചുവയസ്സുകാരൻ മരിച്ചു.
ചെന്നൈ മറീന കാമരാജർ ശാലൈയിൽ ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ട്രിപ്ലിക്കേൻ സ്വദേശിയായ അലോക്നാഥാണ് മരിച്ചത്.
ഓട്ടോ ഓടിച്ചിരുന്ന അലോക്നാഥിന്റെ മുത്തച്ഛൻ ശ്രീധർ, മുത്തശ്ശി ശാലിനി, വാഹനംതടഞ്ഞ പോലീസ് കോൺസ്റ്റബിൾ മഹേന്ദ്രൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽപ്രവേശിപ്പിച്ചു. മഹേന്ദ്രനെതിരേ കേസെടുത്തു.
ഓട്ടോഡ്രൈവറായ ശ്രീധറും ഭാര്യയും കൊച്ചുമകനുമായി മറീന കടൽക്കരയിലേക്ക് പോകുമ്പോഴായിരുന്നു അപകടം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനുമുൻപ് ഓടിയെത്തിയ കോൺസ്റ്റബിൾ മഹേന്ദ്രൻ അതുവഴിവന്ന വാഹനങ്ങൾ തടഞ്ഞു.
ഇതിനിടെ നിയന്ത്രണംവിട്ട ഓട്ടോ ഒരു കാറിൽ ഇടിച്ചതിനുശേഷം മറിയുകയായിരുന്നു. ഈ സമയം അതുവഴി കടന്നുപോയ സ്റ്റാലിൻ കാർ നിർത്തി അപകടത്തിൽപ്പെട്ടവരെ വേഗം ആശുപത്രിയിലെത്തിക്കാൻ നിർദേശംനൽകി.
ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അലോക്നാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിലേക്കുമാറ്റി.
സംഭവത്തെത്തുടർന്ന് കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചു. തുടർന്ന്, മഹേന്ദ്രനെതിരേ കേസെടുക്കുകയായിരുന്നു.