ചെന്നൈ : കാറ്റിൽനിന്നും വെയിലിൽനിന്നുമുള്ള വൈദ്യുതോത്പാദനത്തിൽ കഴിഞ്ഞദിവസങ്ങളിൽ തമിഴ്നാട് റെക്കോഡ്നേട്ടം കൈവരിച്ചു.
കാലാവസ്ഥ അനുകൂലമായതാണ് പുനരുപയോഗസ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം വർധിക്കാൻ വഴിയൊരുക്കിയത്.
ഓഗസ്റ്റ് നാലിനാണ് സൗരോർജപദ്ധതികളിൽനിന്ന് ഏറ്റവുമധികം വൈദ്യുതി ഉത്പാദിപ്പിച്ചത്. 5704 മെഗാവാട്ട് ആണ് ഒറ്റദിവസംകൊണ്ട് ഉത്പാദിപ്പിച്ചത്.
ജൂലായ് 24-നായിരുന്നു ഇതിനുമുൻപത്തെ ഏറ്റവുംകൂടിയ ഉത്പാദനം. 5512 മെഗാവാട്ട്.
കാറ്റിൽനിന്ന് ഏറ്റവുമധികം വൈദ്യുതിയുത്പാദിപ്പിച്ചത് ജൂലായ് 31-നാണ് 5899 മെഗാവാട്ട് ആയിരുന്നു ഉത്പാദനം.
2023 സെപ്റ്റംബർ 10-ന്റെ റെക്കോഡാണ് (5838 മെഗാവാട്ട്) അന്ന് ഭേദിച്ചത്.
കൂടുതൽ സൗരോർജപ്ലാന്റുകൾ സ്ഥാപിച്ചതും തെളിഞ്ഞകാലാവസ്ഥയുമാണ് സൗരവൈദ്യുതിയുടെ ഉത്പാദനം വർധിക്കാൻകാരണം. കാറ്റിന്റെശക്തി കൂടിയതാണ് കാറ്റാടിനിലയങ്ങളിൽനിന്നുള്ള ഉത്പാദനം വർധിപ്പിച്ചത്.
ജൂൺവരെയുള്ള കണക്കനുസരിച്ച് ഈ വേനലിൽ സംസ്ഥാനത്ത് ഉത്പാദിപ്പിച്ച വൈദ്യുതിയുടെ 52 ശതമാനവും പുനരുപയോഗസ്രോതസ്സുകളിൽ നിന്നാണ്.
ഈവർഷം മാർച്ചുമുതൽ ജൂൺവരെ തമിഴ്നാട്ടിലെ മൊത്തം വൈദ്യുതോത്പാദനം 48,835 ദശലക്ഷം യൂണിറ്റാണ്.
അതിൽ 24,430 ദശലക്ഷം യൂണിറ്റ് സൗരോർജവും കാറ്റാടിനിലയവുംപോലുള്ള പാരമ്പര്യേതരസ്രോതസ്സുകളിൽനിന്നുള്ളതാണ്.
സംസ്ഥാനത്തെ വൈദ്യുതപദ്ധതികളുടെ സ്ഥാപിതശേഷി 34,700 മെഗാവാട്ട് ആണ്.
ഇതിൽ 18,835 മെഗാവാട്ട് പുനരുപയോഗസ്രോതസ്സുകളിൽനിന്നാണ്.
ഇതിൽ 6550 മെഗാവാട്ട് സോളാറും, 8750 മെഗാവാട്ട് കാറ്റാടിയും 2300 മെഗാവാട്ട് ജലവൈദ്യുതിയുമാണ്.