ചെന്നൈ : അമ്മയുടെ ഉറക്കഗുളിക കഴിച്ച നാലു വയസ്സുകാരി മരിച്ചു. ചെന്നൈ താംബരം സേലയൂരിൽ താമസിക്കുന്ന ഐ.ടി. ജീവനക്കാരി അശ്വിനിയുടെ മകൾ ഹരിത്രയാണ് മരിച്ചത്.
ഇതേത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അശ്വിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അശ്വനി ശ്രദ്ധിക്കാതെ വെച്ച പാത്രത്തിൽനിന്ന് ഗുളികയെടുത്ത് കുട്ടി കഴിച്ചത്.
പുലർച്ചെ നാലോടെ അശ്വിനി ഉണർന്നപ്പോൾ കുട്ടിയെ കിടക്കയിൽ ചലനമറ്റ നിലയിൽ കണ്ടെത്തി.
മകൾ മരിച്ചെന്നു തിരിച്ചറിഞ്ഞ അശ്വിനി നിലവിളിച്ചു കരയുകയും പിന്നീട് ബ്ലേഡ് കൊണ്ട് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു.
ഇവർക്കൊപ്പം താമസിച്ച അശ്വനിയുടെ അമ്മ കരച്ചിൽ കേട്ടെത്തി അയൽവാസികളുടെ സഹായത്തോടെ രണ്ട് പേരെയും ആശുപത്രിയിലെത്തിച്ചു.
അശ്വിനിയുടെ ഭർത്താവ് മിഥുൻ ഗുജറാത്തിലാണ് ജോലിചെയ്യുന്നത്. ഇവരുടെ മൂത്തമകൻ ഹരിദേവ് ഈവർഷം ജനുവരിയിൽ അസുഖം ബാധിച്ചു മരിച്ചിരുന്നു. തുടർന്ന് വിഷാദരോഗം ബാധിച്ച അശ്വിനി ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ഉറക്കഗുളിക കഴിച്ചിരുന്നത്.