ചെന്നൈ : മാസങ്ങൾനീണ്ട അനിശ്ചിതത്വത്തിനു ശേഷം, ശ്രീലങ്കയിലേക്കുള്ള കപ്പൽ സർവീസ് പുനരാരംഭിക്കുന്നതിനു വഴിയൊരുങ്ങി.
യാത്രയ്ക്കുള്ള കപ്പൽ എത്തിയെന്നും യാത്രതുടങ്ങുന്ന തീയതി ഉടൻ അറിയിക്കുമെന്നും സർവീസ് ഏറ്റെടുത്ത ഇൻഡ്ശ്രീ ഫെറി സർവീസസ് അറിയിച്ചു.
നാലുപതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കഴിഞ്ഞവർഷം തുടങ്ങിയ ശ്രീലങ്കൻ കപ്പൽ സർവീസ് ഒക്ടോബർ അവസാനം നിർത്തിവെച്ചതാണ്.
ഈ വർഷം ജനുവരിയിൽ പുനരാരംഭിക്കാനായിരുന്നു പദ്ധതിയെങ്കിലും പല കാരണങ്ങളാലും നീണ്ടുപോവുകയായിരുന്നു. സർവീസ് നടത്താനുള്ള ശിവഗംഗ എന്ന കപ്പൽ നാഗപട്ടണത്ത് എത്തിയിട്ടുണ്ട്.
മറ്റു നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. പരീക്ഷണയോട്ടത്തിനുശേഷം, ഒരാഴ്ചയ്ക്കകം സമയക്രമം പ്രഖ്യാപിക്കാനാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 14-നാണ് തമിഴ്നാട്ടിലെ നാഗപട്ടണത്തുനിന്ന് ശ്രീലങ്കയിലെ കാങ്കേശൻതുറയിലേക്കുള്ള കപ്പൽ സർവീസ് ഉദ്ഘാടനം ചെയ്തത്.
കെ.പി.വി.എസ്. പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനായിരുന്നു സർവീസിന്റെ ചുമതല. ലക്ഷദ്വീപിൽ സർവീസ് നടത്തിയിരുന്ന ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ചെറിയപാണി എന്ന കപ്പലാണ് യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്.
കെ.പി.വി.എസ്. പിന്മാറിയതിനു ശേഷമാണ് ഇൻഡ്ശ്രീ രംഗത്തുവന്നത്. കപ്പൽ ലഭ്യമാകാൻ വൈകിയതുകാരണമാണ് സർവീസ് പുനരാരംഭിക്കുന്നതു വൈകിയത്.
ഇന്ത്യയിൽ വേരുകളുള്ള ശ്രീലങ്കൻ തമിഴരുടെ ഏറെക്കാലമായുള്ള ആവശ്യമാണ് തമിഴ്നാട്ടിൽനിന്നുള്ള കപ്പൽ സർവീസ്.
ശ്രീലങ്കയെ കടൽമാർഗം തമിഴ്നാടുമായി ബന്ധിപ്പിക്കുന്നതിന് നേരത്തേ, തൂത്തുക്കുടി-കൊളംബോ, ധനുഷ്കോടി-തലൈമാന്നാർ കപ്പൽ സർവീസുകളുണ്ടായിരുന്നു.
എൽ.ടി.ടി.ഇ.യുടെ നേതൃത്വത്തിൽ തമിഴ്ദേശീയത തലപൊക്കുകയും ശ്രീലങ്ക ആഭ്യന്തരയുദ്ധത്തിലേക്ക് നീങ്ങുകയുംചെയ്ത 1980-കളിലാണ് ഇരുരാജ്യവും തമ്മിൽ കടൽവഴിയുള്ള ഗതാഗതം പൂർണമായി നിന്നുപോയത്.
2009-ൽ ആഭ്യന്തരയുദ്ധം അവസാനിച്ചതോടെ കപ്പൽ സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം വീണ്ടും ഉയരാൻ തുടങ്ങിയെങ്കിലും അതു യാഥാർഥ്യമാവാൻ വൈകി.
ഒക്ടോബറിൽ സർവീസ് തുടങ്ങിയപ്പോൾ നികുതിയടക്കം 7670 രൂപയായിരുന്നു ഒരു വശത്തേക്കുള്ള ടിക്കറ്റ് നിരക്ക്. പുതിയ നിരക്ക് പ്രഖ്യാപിച്ചിട്ടില്ല.