സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസ്; വിചാരണയ്ക്ക് തുടക്കം

0 0
Read Time:2 Minute, 47 Second

ചെന്നൈ : മുൻമന്ത്രി സെന്തിൽ ബാലാജി പ്രതിയായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിചാരണ ആരംഭിച്ചു.

വ്യാഴാഴ്ച കേസ് പരിഗണിച്ച ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ബാലാജിയെ ഹാജരാക്കി. ജഡ്ജി എസ്. അല്ലി കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.

കുറ്റങ്ങൾ നിഷേധിച്ച ബാലാജി താൻ നിരപരാധിയാണെന്നും രാഷ്ട്രീയകാരണങ്ങളുടെ പേരിലെടുത്ത കേസാണിതെന്നും ആരോപിച്ചു. സാക്ഷികളെ വിസ്തരിക്കണമെന്നും ആവശ്യപ്പെട്ടു.

തുടർന്ന് കേസ് 16-ന് വീണ്ടും പരിഗണിക്കാൻ മാറ്റിയ കോടതി ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡിയും അതുവരെ നീട്ടി.മുൻഅണ്ണാ ഡി.എം.കെ. സർക്കാരിൽ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നപ്പോൾ സർക്കാർജോലി വാഗ്ദാനംചെയ്തു പലരിൽനിന്നായി പണം വാങ്ങിയെന്നാണ് ബാലാജിക്കെതിരേയുള്ള കേസ്.

വിജിലൻസ് രജിസ്റ്റർ ചെയ്ത ഈ കേസിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കള്ളപ്പണം വെളുപ്പിക്കലിനും കേസെടുത്തത്.

പിന്നീട് കഴിഞ്ഞവർഷം ജൂണിൽ ബാലാജിയെ ഇ.ഡി. അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ വിചാരണ നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിയതോടെയാണ് ഇപ്പോൾ വിചാരണ തുടങ്ങിയത്.

ബാലാജിക്കെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റിൽ സെഷൻസ് കോടതിയിൽ 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. വകുപ്പില്ലാ മന്ത്രിയായി എട്ടു മാസം കഴിഞ്ഞ ശേഷമാണ് അദ്ദേഹം മന്ത്രിസഭയിൽനിന്ന് രാജിവെച്ചത്.

നിയമനക്കോഴയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബാലാജി നൽകിയ റിവിഷൻ ഹർജി മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ ആവശ്യമുന്നയിച്ച് ബാലാജി നൽകിയ വിടുതൽ ഹർജി ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts