ചെന്നൈ: വയനാടിനുണ്ടായ ദുരന്തത്തില് കൈകോര്ക്കുന്നതിനായി ഇതര സംസ്ഥാനങ്ങളില് നിന്ന് പോലും സഹായങ്ങള് എത്തുന്നുണ്ട്.
തമിഴ്നാട്ടിലെ ശിവലിംഗപുരം സര്ക്കാര് ഹയര്സെക്കന്ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്ഥികളും അധ്യാപകരും ചേര്ന്ന് 13,300 രൂപയാണ് നല്കിയത്.
ഈ സ്കൂളിലെ കുട്ടികളില് അധികവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരാണ്. ഒമ്പതാം ക്ലാസിലെ 13 കുട്ടികള് ചേര്ന്നാണ് തുക കണ്ടെത്തിയത്.
വിദ്യാര്ഥികള്ക്ക് വേണ്ടി വാര്ത്തകള് പങ്കിടുന്നതിനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്. അതിലൂടെയാണ് വയനാടിന്റെ അവസ്ഥ കുട്ടികള് അറിഞ്ഞതെന്ന് സുപാത്ര എന്ന വിദ്യാര്ഥി പറഞ്ഞു.
പലരും ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ക്കായി പണം സംഭാവന ചെയ്യുന്നത് കണ്ടതിനെത്തുടര്ന്നാണ തങ്ങള്ക്കും വയനാടിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയതെന്നും വിദ്യാര്ഥികള് പറഞ്ഞു.
വിദ്യാര്ഥികളുടെ സഹാനുഭൂതിയും സാമൂഹിത പ്രതിബദ്ധതയും അധ്യാപകര്ക്കും പ്രചോദനമായി.
മറ്റ് അധ്യാപകരോടും ആലോചിച്ച് അവരും കൂടി പങ്കുചേരുകയായിരുന്നുവെന്ന് ക്ലാസ് ടീച്ചറായ ഗണേഷ് പറഞ്ഞു.