വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും.
രാവിലെ 11.30 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും.
ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
റോഡ് മാർഗമാകും പ്രധാനമന്ത്രി ചൂരൽ മലയിൽ എത്തുക.
ബെയ്ലി പാലത്തിലൂടെ കടന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ നിരീക്ഷിക്കും. ദുരിതാശ്വ ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരെ സന്ദർശിക്കും.
തുടർന്ന് വയനാട് കളക്ടറേറ്റിൽ നടക്കുന്ന അവലോകന യോഗത്തിൽ പങ്കെടുക്കും.
ദുരിതബാധിതരുടെ പുനരധിവാസത്തിന് 2,000 കോടിയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.