ചെന്നൈ : വീട്ടിലെത്തിച്ച ഭക്ഷണ പാക്കറ്റിൽ നൂറുരൂപയുടെ ദോശയും ഊത്തപ്പവും ഇല്ലെന്ന പരാതിയിൽ ഭക്ഷണവിതരണക്കാർക്ക് ഉപഭോക്തൃ കോടതി 15,000 രൂപ പിഴവിധിച്ചു.
ഭക്ഷണസാധനങ്ങൾ എടുത്തുവെക്കേണ്ടത് ഹോട്ടലിന്റെ ഉത്തരവാദിത്വമാണെന്ന വിതരണക്കാരുടെ വാദം തള്ളിയാണ് തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലാ തർക്കപരിഹാര കമ്മിഷന്റെ ഉത്തരവ്.
ചെന്നൈക്കടുത്ത് പൂനമല്ലി സ്വദേശിയായ ആനന്ദ് ശേഖർ 2023 ഓഗസ്റ്റ് 21-ന് പ്രമുഖ ഭക്ഷണവിതരണശൃംഖല വഴി ഹോട്ടലിൽനിന്ന് ഭക്ഷണസാധനങ്ങൾ ഓർഡർ ചെയ്തു.
100 രൂപയുടെ ദോശയും ഊത്തപ്പവുമടക്കം മൊത്തം 498 രൂപയായിരുന്നു ബിൽ തുക. വീട്ടിലെത്തി പാക്കറ്റ് തുറന്നുനോക്കിയപ്പോൾ ദോശയും ഊത്തപ്പവുമില്ലായിരുന്നു.
ഭക്ഷണവിതണശൃംഖലയുടെ കസ്റ്റമർ കെയർ എക്സിക്യുട്ടീവിനെ വിളിച്ച് വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതെത്തുടർന്ന് ആനന്ദ് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.
ഉപഭോക്താവിനും ഹോട്ടലിനും ഇടയ്ക്കുള്ള വിതരണക്കാർ മാത്രമാണ് തങ്ങളെന്നും ഹോട്ടലിൽനിന്ന് പൊതിഞ്ഞുനൽകുന്ന ഭക്ഷണം എത്തിച്ചുകൊടുക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഭക്ഷണവിതരണക്കാർ കമ്മിഷനുമുന്നിൽ വാദിച്ചു.
ഭക്ഷണത്തിന്റെ ഗുണനിലവാരത്തിലോ അളവിലോ തങ്ങൾക്ക് ഉത്തരവാദിത്വമൊന്നുമില്ലെന്നും അവർ പറഞ്ഞു. എന്നാൽ, കമ്മിഷൻ ഈ വാദം അംഗീകരിച്ചില്ല.
ഉപഭോക്താവിൽനിന്ന് വിതരണക്കാർ 73 രൂപ ഡെലിവറി ചാർജ് ഈടാക്കിയിട്ടുണ്ട്. ഉപഭോക്താവ് ഇടപാടുനടത്തിയത് വിതരണക്കാരുമായാണ്.
അവരാണ് ഹോട്ടലുമായി ഇടപാടുനടത്തുന്നത്. അതുകൊണ്ടുതന്നെ അവർക്ക് ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാനാവില്ല.
വിതരണക്കാർ നേരത്തേ ഇടാക്കിയ 498 രൂപ തിരിച്ചുനൽകണമെന്നും 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്നും കമ്മിഷൻ വിധിച്ചു. അതിനു പുറമേ കേസിന്റെ ചെലവിലേക്ക് 5,000 രൂപയും നൽകണം.