ചെന്നൈ : കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു.
കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകൾ തുഖാറയെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ സത്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു.
രണ്ടാംക്ലാസിൽ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിക്കുന്നതിനിടെയാണ് കാണാതായത്.
തുടർന്ന് പ്രകാശ് ശങ്കരാപുരം പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളിൽ സത്യയ്ക്കൊപ്പം മകൾ ബസ് സ്റ്റാൻഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി.
ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റിൽ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്.
നാട്ടിൽ പലരിൽനിന്നുമായി കടം വാങ്ങിയ അഞ്ചുലക്ഷത്തിലേറെ രൂപ അവർ തിരിച്ചുചോദിച്ചപ്പോൾ നൽകാനായിരുന്നില്ലെന്നും വീട്ടിൽ ആരെങ്കിലും മരിച്ചാൽ സഹതാപം തോന്നി പണം തിരികെ ചോദിക്കില്ലെന്നും തോന്നിയാണ് മകളെ കിണറ്റിൽ തള്ളിയിട്ടതെന്നു സത്യ പോലീസിനു മൊഴിനൽകി.
തന്നെ സംശയിക്കുന്നുണ്ടെന്ന് മനസ്സിലാക്കി സത്യ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭർത്താവിന് സംശയം തോന്നാതിരിക്കാൻ പോലീസിൽ പരാതി നൽകിയപ്പോഴും തിരച്ചിൽ സമയത്തും സത്യയും കൂടെയുണ്ടായിരുന്നു.