ചെന്നൈ : വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിന് തമിഴ്നാട്ടിൽനിന്നുള്ള മനുഷ്യസ്നേഹിയായ ഒരു ചായക്കടക്കാരനിൽനിന്ന് ചെറുസഹായം.
പുതുക്കോട്ടജില്ലയിലെ മേട്ടുപ്പട്ടി ഗ്രാമത്തിൽ ‘ഭഗവാൻ ടീസ്റ്റാൾ’നടത്തുന്ന ശിവകുമാർ വയനാടിനായി 12 മണിക്കൂറിൽ സമാഹരിച്ചത് 44,700 രൂപ.
ഇതിനായി ഗ്രാമവാസികൾക്കായി ‘മൊയ് വിരുന്ത്’ എന്നപേരിൽ ചായസത്കാരം നടത്തുകയായിരുന്നു. തിങ്കളാഴ്ച രാവിലെമുതൽ വൈകീട്ടുവരെ ഇതു നീണ്ടു. കടയിലെത്തിയ എല്ലാവർക്കും ശിവകുമാറിന്റെവക ചായ സൗജന്യമായി നൽകി.
കടയ്ക്കുള്ളൽ സ്ഥാപിച്ച ഹുണ്ടികയിൽ ഇഷ്ടമുള്ള പണമിടാമെന്നും സന്ദർശകരെ അറിയിച്ചു. വൈകീട്ട് ആറരയായപ്പോഴക്കും ഹുണ്ടിക തുറന്ന് നാട്ടുകാരുടെ മുന്നിൽവെച്ചുതന്നെ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ 44, 700 രൂപ ലഭിച്ചു.
കേരളമുഖ്യമന്ത്രിയെ നേരിൽക്കണ്ട് സഹായധനം കൈമാറണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, കേരളത്തിലേക്കുള്ള യാത്രാക്കൂലികൂടി ചേർത്ത് ദുരിതാശ്വാസനിധിയിലേക്കു നൽകാൻ 43- കാരനായ ശിവകുമാർ തീരുമാനിക്കുകയായിരുന്നു. 2018 മുതൽ നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന ആളാണ് ശിവകുമാറെന്ന് ഗ്രാമവാസികൾ പറഞ്ഞു.