ചെന്നൈ : തമിഴ്നാട്ടിൽ ദളിത് വിഭാഗത്തിന്റെ പ്രതിഷേധത്തിൽ പ്രകോപിതരായി മേൽജാതിയിൽപ്പെട്ട ഗ്രാമവാസികൾ ക്ഷേത്രം തകർത്തു.
വെല്ലൂർ ജില്ലയിലെ ജമീൻകുപ്പം ഗ്രാമത്തിലെ കാളിയമ്മൻക്ഷേത്രമാണ് തകർത്തത്.
ക്ഷേത്രത്തിൽ ആടിമാസാഘോഷങ്ങളിൽ തങ്ങളെ പങ്കെടുപ്പിക്കരുതെന്ന ഇതരജാതിക്കാരുടെ തീരുമാനത്തിനെതിരേ ദളിതർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
തുടർന്ന്, പ്രതിഷേധക്കാർക്കുനേരേ അക്രമം അഴിച്ചുവിട്ട ഒരുവിഭാഗത്തിന്റെപേരിൽ പോലീസ് കേസെടുത്തതോടെ പ്രശ്നം വീണ്ടും രൂക്ഷമായി.
കളക്ടറുടെ സാന്നിധ്യത്തിൽ സമാധാനയോഗം നടത്തിയെങ്കിലും പ്രശ്നപരിഹാരമുണ്ടായില്ല. ഇതോടെയാണ് ഇതരജാതിക്കാർ ക്ഷേത്രം തകർത്തത്.
ഗ്രാമത്തിലെ താമസക്കാരിൽ 50 ശതമാനത്തോളം ദളിതരാണ്. തങ്ങളാണ് വർഷങ്ങളായി ക്ഷേത്രം പരിപാലിച്ച് പൂജകൾ നടത്തുന്നതെന്നും കാലക്രമേണ ഇതരജാതിക്കാർ ക്ഷേത്രം തട്ടിയെടുത്തതായും ഇതോടെ വിവേചനം രൂക്ഷമായെന്നും ഗ്രാമത്തിലെ ദളിത് യുവാവ് നവീൻ കുമാർ പറഞ്ഞു.
ഗ്രാമത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള പുറമ്പോക്കുഭൂമിയിലാണ് ആദ്യം പ്രതിഷ്ഠനടത്തിയതെന്നും പിന്നീട് സംഭാവനപിരിച്ചാണ് ചെറിയ ക്ഷേത്രംനിർമിച്ചതെന്നും ദളിത് നേതാക്കൾ പറഞ്ഞു.
സംഭവത്തിൽ ഇതരജാതിക്കാരായ മൂന്നുപേർക്കെതിരേ കേസെടുത്തു.