ചെന്നൈ : ശശികലയുടെ നേതൃത്വത്തിൽ ആരംഭിച്ച വിമത നീക്കങ്ങൾ നേരിടാൻലക്ഷ്യമിട്ട് അണ്ണാ ഡി.എം.കെ. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നു.
അണ്ണാ ഡി.എം.കെ.യിൽ ഐക്യം ആഹ്വാനം ചെയ്തു തമിഴ്നാടിനാടിന്റെ തെക്കൻ മേഖലയിൽനിന്ന് ശശികല യാത്ര ആരംഭിച്ച പശ്ചാത്തലത്തിലാണ് പളനിസ്വാമിയും പര്യടനത്തിന് ഒരുങ്ങുന്നത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സന്ദർശനം നടത്താനാണ് തീരുമാനം.
കഴിഞ്ഞദിവസം ചേർന്ന പാർട്ടി നിർവാഹക സമിതി യോഗത്തിലാണ് പളനിസ്വാമി പര്യടനം നടത്തണമെന്ന ആവശ്യം ഉയർന്നത്.
പാർട്ടിയിൽനിന്ന് പുറത്താക്കിയ വിമത നേതാക്കളെ ഒരിക്കലും തിരിച്ചെടുക്കില്ലെന്ന് ഇതേ യോഗത്തിൽത്തന്നെ പളനിസ്വാമി വ്യക്തമാക്കിയിരുന്നു.
പേര് പറഞ്ഞില്ലെങ്കിലും ശശികലയെയും പനീർശെൽവത്തെയും തിരിച്ചെടുക്കില്ലെന്ന് തന്നെയാണ് പളനിസ്വാമി ഉദ്ദേശിച്ചതെന്ന് വ്യക്തമായിരുന്നു.
പാർട്ടിയുടെ ശക്തമായ വോട്ടുബാങ്കാണ് തേവർ സമുദായം. പനീർശെൽവവും ശശികലയും തേവർ വിഭാഗത്തിൽപ്പെട്ടവരാണ്.
പനീർശെൽവത്തിന്റെ പിന്തുണയോടെ ശശികല നടത്തുന്ന പര്യടനം തേവർ സമുദായത്തെ പാർട്ടിയിൽനിന്ന് അകറ്റുമെന്ന ആശങ്ക അണ്ണാ ഡി.എം.കെ. നേതൃത്വത്തിനുണ്ട്.
പളനിസ്വാമി ശക്തമായി എതിർക്കുന്നുവെങ്കിലും പാർട്ടിയിലെ രണ്ടാം നിരനേതൃത്വത്തിന് ശശികലയെയും പനീർശെൽവത്തെയും ഒപ്പം കൂട്ടണമെന്ന അഭിപ്രായമുണ്ട്.
ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും കൂടി പരാജയപ്പെട്ടാൽ പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുമെന്നാണ് ഇവർ കരുതുന്നത്.
എന്നാൽ ഇവരുടെ അഭിപ്രായത്തെ തള്ളുന്ന പളനിസ്വാമി പര്യടനത്തിലൂടെ പ്രവർത്തകരെ ഉണർത്താമെന്നും പ്രതിച്ഛായ വർധിപ്പിച്ചു തിരിച്ചുവരാമെന്നുമാണ് കണക്കുകൂട്ടുന്നത്.