തീവണ്ടികളിലെ ഭക്ഷണം: പരാതികളുടെ എണ്ണത്തിൽ 500 ശതമാനം വർധന

0 0
Read Time:3 Minute, 5 Second

ചെന്നൈ: തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികളേറുന്നു. കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 500 ശതമാനം വർധനയാണ് ഇത്തരം പരാതികളിന്മേലുണ്ടായത്.

2022-മാർച്ചിൽ ഭക്ഷണത്തിലെ ഗുണനിലവാരത്തകർച്ചയുമായി ബന്ധപ്പെട്ട് 1192 പരാതികളാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷ(ഐ.ആർ.സി.ടി.സി.)ന് ലഭിച്ചിരുന്നത്. എന്നാൽ, 2023 ഏപ്രിലിനും 2024 ഫെബ്രുവരിക്കുമിടയിൽ ലഭിച്ച പരാതികളുടെ എണ്ണം 6948 ആയി. വിവരാവകാശ നിയമപ്രകാരം നൽകിയ വിശദീകരണത്തിലാണ് ഐ.ആർ.സി.ടി.സി. ഇക്കാര്യം വ്യക്തമാക്കിയത്.

വന്ദേഭാരത്, രാജധാനി, ശതാബ്ദി, തുരന്തോ എന്നീ തീവണ്ടികളിലും മറ്റ് എക്സ്‌പ്രസ് തീവണ്ടികളിൽനിന്നുമാണ് പരാതികളേറെയും.

ഭക്ഷണം വിതരണംചെയ്യാൻ കരാർ ഏറ്റെടുത്തിരിക്കുന്നവരിൽ 68 കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട് കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, മൂന്ന് കമ്പനികളുടെ കരാർമാത്രമാണ് റദ്ദാക്കിയത്.

ഇന്ത്യൻ റെയിൽവേക്ക്‌ 1518 കാറ്ററിങ് കോൺട്രാക്ടുകളാണുള്ളത്. പാചകംചെയ്യാൻ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കാൻ ഐ.ആർ.സി.ടി.സി.ക്ക്‌ സംവിധാനങ്ങളില്ലെന്നും പാൻട്രികാറുള്ള തീവണ്ടികളുടെ എണ്ണം ഇപ്പോൾ കുറഞ്ഞുവരുകയാണെന്നും വിവിധ പാസഞ്ചർ അസോസിയേഷൻ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

കരാറെടുത്ത കമ്പനികൾ ഭക്ഷണം റെയിൽവേ സ്റ്റേഷനുകൾക്ക് പുറത്തുവെച്ചാണ് പാക്ക്‌ചെയ്ത് തീവണ്ടികളിലേക്ക് കയറ്റുന്നത്. പാചകംചെയ്യാൻ കരാർ കമ്പനിക്ക്‌ റെയിൽവേസ്റ്റേഷനുകളിൽ സ്ഥലമൊരുക്കിയിട്ടില്ല. പുറത്തുനിന്ന് പാചകംചെയ്ത ഭക്ഷണം ഏറെ മണിക്കൂറുകൾക്കുശേഷമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്.

അതിനാൽ ഗുണനിലവാരമില്ലാത്ത ഭക്ഷണമാണ് പലപ്പോഴും യാത്രക്കാർക്ക് ലഭിക്കുന്നതെന്ന് പലരും പരാതിപ്പെടുന്നു.

ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്താൽ കരാർ റദ്ദാക്കാമെങ്കിലും ഐ.ആർ.സി.ടി.സി. കർക്കശ നടപടിയെടുക്കാറില്ലെന്ന് റെയിൽവേയുമായി ബന്ധപ്പെട്ടുപ്രവർത്തിക്കുന്ന വിവരാവകാശ പ്രവർത്തകരും പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts