ചെന്നൈ : കൃഷ്ണഗിരി ജില്ലയിലെ സ്കൂളിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 11 പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
കാലിന് പരിക്കേറ്റതിനാൽ മുഖ്യപ്രതി ശിവരാമൻ ആശുപത്രിയിൽ ചികിത്സയിലാണ്. 11 പേരെയും സെപ്റ്റംബർ രണ്ട് വരെ റിമാൻഡ് ചെയ്താണ് കോടതി ഉത്തരവിട്ടത്.
അതേസമയം, സംഭവത്തെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്കൂൾ വിദ്യാഭ്യാസവകുപ്പ് അധികൃതർ വിദഗ്ധസംഘത്തെ നിയോഗിച്ചു. അനുമതിയില്ലാതെ ക്യാമ്പ്നടത്തിയാൽ സ്കൂളിന്റെ അംഗീകാരം റദ്ദാക്കുമെന്നും അധികൃതർ അറിയിച്ചു.
പെൺകുട്ടികൾക്ക് പരിശീലനം നൽകാൻ എൻ.സി.സി. വനിത ട്രെയിനർമാരെയും ആൺകുട്ടികൾക്ക് പരിശീലനം നൽകാൻ പുരുഷ ട്രെയിനർമാരെയും നിയമിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം മുഖ്യപ്രതി ശിവരാമൻ സ്കൂളിൽ പഠിക്കുമ്പോൾ എൻ.സി.സി. കേഡറ്റായിരുന്നെന്നും ട്രെയിനറാവാൻ പരിശീലനം ലഭിച്ചിരുന്നില്ലെന്നും പോലീസിന് മൊഴിനൽകി.
ട്രെയിനറാണെന്ന വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കി ശിവരാമൻ സ്വകാര്യ സ്കൂളിൽ നിയമനം നേടുകയായിരുന്നു. എൻ.സി.സി. കേഡാറ്റായിരിക്കുമ്പോൾ ലഭിച്ച പരിശീലനത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥിനികൾക്കും പരിശീലനം നൽകിയത്. സ്കൂളിൽ എൻ.സി.സി. പരിശീലനം നൽകാനായി ഒരോ വിദ്യാർഥിനികളിൽനിന്നും ഒരു വർഷത്തേക്ക് 1,500 രൂപ ശേഖരിച്ചിരുന്നു.
വിദ്യാർഥിനികൾക്ക് വ്യാജ എൻ.സി.സി. സ്റ്റിക്കറും ശിവരാമൻ നൽകിയിരുന്നു.
ശിവരാമൻ നടത്തിയ മറ്റ് തട്ടിപ്പുകൾ അന്വേഷിക്കാൻ നാല് പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് കൃഷ്ണഗിരി ജില്ലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.