ചെന്നൈ ∙ സംസ്ഥാന സർക്കാരിന്റെ ദീർഘദൂര എസ്ഇടിസി ബസുകളിൽ ഓണയാത്രയ്ക്കുള്ള ടിക്കറ്റുകൾ ഇപ്പോഴും ലഭ്യം. ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ എന്നിവിടങ്ങളിലേക്കുള്ള ബസുകളിലാണു ടിക്കറ്റുകൾ ലഭ്യമായിട്ടുള്ളത്. കിലാമ്പാക്കം ടെർമിനസിൽ നിന്ന് വൈകിട്ട് 4ന് എറണാകുളത്തേക്കുള്ള എസി സ്ലീപ്പർ/സീറ്റർ ബസിൽ 11ന് 35 സീറ്റുകൾ ബാക്കിയുണ്ട്. കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന ബസ് പിറ്റേന്നു രാവിലെ 7ന് എറണാകുളം സൗത്തിലെത്തും. 12ന് 30 സീറ്റുകൾ നിലവിൽ ലഭ്യമാണ്. ഉത്രാട ദിനമായ 13ന് 7 സീറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. വൈകിട്ട് 4.45നുള്ള ഗുരുവായൂർ ബസിലും ടിക്കറ്റുകൾ ലഭ്യമാണ്. നോൺ–എസി സ്ലീപ്പർ/സീറ്റർ ബസ് രാവിലെ 6.30നു പാലക്കാട്ടും 8.30നു ഗുരുവായൂരിലുമെത്തും.
ഈ ബസിൽ ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്. തിരുവനന്തപുരത്തേക്കു മധുര വഴിയുള്ള അൾട്രാ ഡീലക്സ് ബസ് വൈകിട്ട് 4നാണു കിലാമ്പാക്കത്തു നിന്നു പുറപ്പെടുക. പിറ്റേന്നു രാവിലെ 7നു തിരുവനന്തപുരത്തെത്തും. ഓണം വരെയുള്ള ദിവസങ്ങളിൽ 30ലേറെ ടിക്കറ്റുകൾ ഇപ്പോൾ ബാക്കിയാണ്.
ഓണത്തിരക്ക് കണക്കിലെടുത്ത് നിലവിലുള്ള സർവീസുകൾ വർധിപ്പിക്കുന്ന കാര്യത്തിലും പുതിയ സ്ഥലങ്ങളിലേക്കു സർവീസ് നടത്തുമോ എന്നതിലും വ്യക്തയില്ല. എറണാകുളത്തേക്കുള്ള കെഎസ്ആർടിസി സർവീസുകളെ അപേക്ഷിച്ച് എസ്ഇടിസി ബസ് അധിക സമയം എടുക്കുന്നുണ്ടെങ്കിലും ഓണക്കാലത്ത് യാത്രാ പ്രതിസന്ധി നേരിടുന്ന മലയാളികൾക്ക് വലിയ ആശ്വാസമാണ് ഈ സർവീസുകൾ.