ചെന്നൈ : പതിവുപോലെ തന്നെ ഇത്തവണയും ഓണം സ്പെഷ്യൽ തീവണ്ടികൾ പ്രഖ്യാപിക്കാൻ കാലതാമസം. ഈ അവസരം മുതലെടുത്ത് സ്വകാര്യ ബസ് സർവീസുകൾ കൊള്ളലാഭം കൊയ്യുകയാണ്. ഓണത്തോടടുത്തുള്ള ദിവസങ്ങളിൽ ചെന്നൈയിൽനിന്ന് എറണാകുളംവരെയുള്ള യാത്രയ്ക്ക് മിക്ക സ്വകാര്യ ബസുകളും ഈടാക്കുന്ന ടിക്കറ്റ് നിരക്ക് 4000 രൂപയിലേറെയാണ്. പതിവ് സർവീസുകൾകൂടാതെ ഓണക്കാല യാത്രത്തിരക്ക് പരിഗണിച്ച് സ്പെഷ്യൽ സർവീസുകൾകൂടി നടത്തിയാണ് സ്വകാര്യ ബസുകാർ ലാഭം കൊയ്യുന്നത്.
ഇത്തവണ ചെന്നൈയിൽനിന്ന് കെ.എസ്.ആർ.ടി.സി. രണ്ട് ഓണം സ്പെഷ്യൽ സർവീസ് മാത്രമാണ് പ്രെഖ്യാപിച്ചത്. ഇതിൽ ഒന്ന് മധുര, തിരുനെൽവേലി, നാഗർകോവിൽ വഴിയുള്ള തിരുവനന്തപുരം സർവീസാണ്. മലയാളികളെക്കാൾ ഈ സർവീസുകൊണ്ട് പ്രയോജനമുള്ളത് തമിഴ്നാടിന്റെ തെക്കൻ ജില്ലകളിലുള്ളവർക്കാണ്. ചെന്നൈ-എറണാകുളം സ്പെഷ്യൽ ബസിൽ ഇതിനകംതന്നെ ടിക്കറ്റ് തീർന്നു. ഇതേ റൂട്ടിലുള്ള പ്രതിദിന സർവീസിൽ നേരത്തേതന്നെ റിസർവേഷൻ അവസാനിച്ചിരുന്നു.
കൂടുതൽ സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി. മടിക്കുന്നതിനൊപ്പമാണ് സ്പെഷ്യൽ സർവീസ് പ്രഖ്യാപിക്കാൻ റെയിൽവേ വൈകുന്നതും. തിരുവോണത്തിന് ഇനിയും രണ്ടാഴ്ചയിലേറെ ബാക്കിയുണ്ടെങ്കിലും യാത്രാക്ലേശം രൂക്ഷമായതിനാൽ സ്പെഷ്യൽ തീവണ്ടി സർവീസ് പ്രഖ്യാപനം ഉടൻ വേണമെന്ന ആവശ്യം ഉയർന്നിരിക്കുകയാണ്. മുൻപ് വളരെ നേരത്തേതന്നെ ഓണം സ്പെഷ്യൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ, കുറച്ചുവർഷങ്ങളായി ഏറെ വൈകിയാണ് പ്രഖ്യാപനം.