ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച പെൺസുഹൃത്തിന്റെ വീടിനു സമീപം നിർത്തിയിട്ട വാൻ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ഓൺലൈൻ വഴി സൗഹൃദത്തിലായ യുവതിയെ കാണാൻ ചെന്നൈയിലെത്തിയ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ 26-കാരനാണ് വാഹന മോഷണക്കേസിൽ പിടിയിലായത്.
നാട്ടിൽ പോകാൻ പണമില്ലാതെ വന്നതോടെയാണ് വാൻ തട്ടിയെടുത്തതെന്നാണ് വിശദീകരണം.
എൻജിനിയറിങ് ബിരുദധാരിയായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയെ പരിചയപ്പെട്ടത്. മേൽവിലാസം വാങ്ങി കഴിഞ്ഞദിവസം ഇവിടെയെത്തി. പിന്നീട് ഇരുവരും തമ്മിൽ കാണുകയും യുവാവ് പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു. യുവതി അഭ്യർഥന നിരസിച്ചതോടെ നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ് സാധനങ്ങൾ ഇറക്കുന്നതിനായി ബേക്കറിക്കു മുന്നിൽ നിർത്തിയിട്ട വാൻ തട്ടിയെടുത്തത്.
ചെന്നൈ വിമാനത്താവളത്തിനുസമീപം എത്തിയപ്പോൾ തിരിച്ചുപോയി വീണ്ടും യുവതിയോട് പ്രണയാഭ്യർഥന നടത്താൻ തീരുമാനിക്കുകയും തുടർന്ന് വാൻ അവിടെത്തന്നെ ഉപേക്ഷിച്ചതിനുശേഷം ബസിൽ അണ്ണാനഗറിൽ എത്തിയപ്പോഴാണ്, വാനുടമയുടെ പരാതിയെത്തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.