ചെന്നൈ : ശോഭായാത്രയടക്കം പരിപാടികളുമായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടന്നു. നഗരത്തിലെ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടായിരുന്നു. വിവിധസംഘടനകളുടെ നേതൃത്വത്തിൽ ഉറിയടി മത്സരങ്ങളുംനടത്തി.
മഹാലിംഗപുരം അയ്യപ്പൻ, ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഘോഷയാത്രയടക്കമുള്ള ചടങ്ങുകളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഗുരുവായൂരപ്പന് പാലഭിഷേകം, നാരായണീയപാരായണം, നാമസങ്കീർത്തനം,ഭക്തിഗാനാവതരണം, താലപ്പൊലിമേളം, ഉറിയടി, നൃത്തപരിപാടി എന്നിവ നടന്നു. അയ്യപ്പനും ഗുരുവായൂരപ്പനും പുഷ്പാഭിഷേകവും ഭജനയും നടത്തി.
എഗ്മൂർ ശ്രീഅയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗണപതി ഹോമം, ഗോപൂജ, ഭാഗവത പാരായണം, ഘോഷയാത്ര, ഉറിയടി, അഷ്ടാഭിഷേകം, അയ്യപ്പനും ഗുരുവായൂരപ്പനും ദീപാരാധന എന്നിവ നടന്നു. ശോഭായാത്രയും നടത്തി.
പാഞ്ചജന്യം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു. കൊടുങ്കയ്യൂർ ശ്രീലക്ഷ്മി ഗണപതിക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ശോഭായാത്ര ശ്രീ സായ് വിവേകാനന്ദ വിദ്യാലയത്തിൽ അവസാനിച്ചു. കൃഷ്ണനും രാധയുമായിവേഷമിട്ട നൂറുകണക്കിന് ബാലികാബാലന്മാർ യാത്രയിൽ അണിനിരന്നു. കലാപരിപാടികൾ, ആത്മീയ പ്രഭാഷണം, സമ്മാനവിതരണം, പ്രസാദവിതരണം എന്നിവയുമുണ്ടായിരുന്നു. പാഞ്ചജന്യം തമിഴ്നാട് അധ്യക്ഷൻ സി.പി. പ്രഭാകരൻ, വടക്ക് ചെന്നൈ കമ്മിറ്റി അധ്യക്ഷൻ കെ. വേണുഗോപാൽ എന്നിവർ നേതൃത്വംനൽകി.
കൊളത്തൂർ ബാലഗോകുലം ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് ശോഭായാത്ര നടത്തി. വേമ്പനാട് വിശ്വനാഥൻ, ആർ. ശ്രീനിവാസൻ, സ്വാമി സുരേഷാനന്ദ എന്നിവർ നേതൃത്വം നൽകി.
കെ.കെ. നഗർ അയ്യപ്പൻ ഗോശാലകൃഷ്ണൻ ക്ഷേത്രത്തിൽ ഭജന, നാമസങ്കീർത്തനം, നാരായണീയ പാരായണം, പാലഭിഷേകം, സർവാലങ്കാരപൂജ, കുട്ടികളുടെ ഉറിയടി തുടങ്ങിയവ നടന്നു.