ചെന്നൈ : ഓണാഘോഷത്തോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് പ്രത്യേക എ.സി. തീവണ്ടി സർവീസ് അനുവദിച്ചു. ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ഓഗസ്റ്റ് 28, സെപ്റ്റംബർ നാല്, 11, 18, 25 തീയതികളിൽ പ്രത്യേക വണ്ടി സർവീസ് നടത്തും. ചെന്നൈയിൽനിന്ന് ബുധനാഴ്ചകളിൽ ഉച്ചയ്ക്കു 3.45-നുശേഷം പുറപ്പെടുന്ന വണ്ടി (06043) പിറ്റേന്ന് രാവിലെ 8.30 കൊച്ചുവേളിയിലെത്തും. കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 29, സെപ്റ്റംബർ അഞ്ച്, 12, 19, 26 തീയതികളിൽ വൈകീട്ട് 6.45-ന് പുറപ്പെടുന്ന വണ്ടി (06044) പിറ്റേന്ന് രാവിലെ 11.25-ന് ചെന്നൈ സെൻട്രൽ സ്റ്റേഷനിലെത്തും.
തിരുവള്ളൂർ, ആർക്കോണം, കാട്പാടി, ജോലാർപ്പേട്ട, സേലം, ഈറോഡ്, തിരുപ്പൂർ, പോത്തന്നൂർ, പാലക്കാട്, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം. എന്നിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പുകൾ ഉണ്ടാകും.
എന്നാൽ, മംഗളൂരുവിലേക്ക് സർവീസ് പ്രഖ്യാപിക്കാൻ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സി.പി.ആർ.ഒ.) സെന്തമിഴ് സെൽവൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്കുള്ള യാത്രത്തിരക്ക് പരിശോധിച്ചതിനുശേഷം മാത്രമേ പ്രത്യേക തീവണ്ടി പ്രഖ്യാപിക്കൂ. കോച്ച് ലഭ്യത, ട്രാക്ക് ലഭ്യത എന്നിവ ഉറപ്പുവരുത്തണമെന്നും സി.പി.ആർ.ഒ. പറഞ്ഞു.