ചെന്നൈ : വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുമ്പോൾ അനൗദ്യോഗികമായി സർക്കാരിനെ നയിക്കുന്നത് മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ.
പ്രോട്ടക്കോൾ പ്രകാരം മന്ത്രിസഭയിലെ പത്താമനാണെങ്കിലും മറ്റുവകുപ്പുകളുടെ പദ്ധതികളടക്കം പ്രധാന ഉദ്ഘാടനച്ചടങ്ങുകൾ നിർവഹിക്കുന്നത് ഉദയനിധിയാണ്. പാർട്ടി പരിപാടികളിലും മുഖ്യസ്ഥാനം ഉദയനിധിക്കുതന്നെ.
മന്ത്രിസഭയിലും പാർട്ടിയിലും രണ്ടാമൻ ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകനാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിനെ നയിക്കേണ്ട ചുമതല സ്വാഭാവികമായും ലഭിക്കേണ്ടത് ദുരൈമുരുകനാണ്.
അടിയന്തരമായി മന്ത്രിസഭായോഗം ചേരേണ്ടിവന്നാൽ ദുരൈമുരുകനായിരിക്കും നേതൃത്വംനൽകുക.
എന്നാൽ, പൊതുപരിപാടികൾക്ക് ഇപ്പോൾ സർക്കാരിനെ പ്രതിനിധാനംചെയ്ത് ഉദയനിധിയാണ് പങ്കെടുക്കുന്നത്.
ഗതാഗതവകുപ്പുവാങ്ങിയ പുതിയബസുകളുടെ ഫ്ലാഗ് ഓഫ് കർമം കഴിഞ്ഞദിവസം നിർവഹിച്ചത് ഉദയനിധിയായിരുന്നു. സ്റ്റാലിനുള്ളപ്പോൾ അദ്ദേഹമാണ് ഇത്തരം ചടങ്ങുകൾ നിർവഹിച്ചിരുന്നത്.
അടുത്ത നിയമസഭാതിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രൂപവത്കരിച്ച സമിതി കഴിഞ്ഞദിവസം ചേർന്നിരുന്നു. ഇതിലും ഉദയനിധിക്ക് പ്രധാനസ്ഥാനമുണ്ട്.
സ്റ്റാലിൻ യു.എസിലേക്ക് പോകുന്നതിന് മുൻപ് ഉദയനിധിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
മന്ത്രിസഭയിൽ കൂടുതൽ മാറ്റവും അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും സമയമായിട്ടില്ലെന്ന് പറഞ്ഞ് സ്റ്റാലിൻ യാത്രതിരിക്കുകയായിരുന്നു ഉദയനിധിക്ക് ഉപമുഖ്യമന്ത്രിസ്ഥാനം ലഭിക്കുമെന്ന കാര്യത്തിൽ ഡി.എം.കെ. നേതാക്കൾക്ക് ഒട്ടും സംശയമില്ലെന്നാണ് അവരുടെ പ്രതികരണത്തിൽനിന്ന് വ്യക്തമാകുന്നത്.
ഉദയനിധി ഉടൻതന്നെ ഉപമുഖ്യമന്ത്രിയാകുമെന്ന് വ്യാഴാഴ്ച മന്ത്രി മൂർത്തി പറഞ്ഞു. എല്ലാവരുടെയും താത്പര്യമാണിതെന്നും മൂർത്തി കൂട്ടിച്ചേർത്തു. ഒരു വർഷത്തോളമായി മുതിർന്നനേതാക്കളടക്കം ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്.