ചെന്നൈ : തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) മുൻപാകെ പ്രതിയുടെ വെളിപ്പെടുത്തൽ.
ദേശവിരുദ്ധപ്രവർത്തനത്തിൽ അറസ്റ്റിലായ ഹിസ്ബത് തഹ്റീർ സംഘടനാംഗമായ അമീർ ഹുസൈനാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്.
പെട്രോകെമിക്കൽ എൻജിനിയർകൂടിയായ അമീർ ഹുസൈൻ, പിതാവ് അഹമ്മദ് മൻസൂർ, സഹോദരൻ അബ്ദുൾ റഹ്മാൻ എന്നിവരെയാണ് നേരത്തേ ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തിരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി ഇവരെ എൻ.ഐ.എ. സംഘം ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് കേരളത്തിൽ പരിശീലനം നൽകിയ കാര്യം അമീർ ഹുസൈൻ വെളിപ്പെടുത്തിയത്.
എന്നാൽ, കേരളത്തിൽ എവിടെയാണ് പരിശീലനം നൽകിയതെന്നകാര്യം എൻ.ഐ.എ. വൃത്തങ്ങൾ വ്യക്തമാക്കിയിട്ടില്ല.
തന്റെ യൂട്യൂബ് ചാനലിലൂടെ വിദ്യാഭ്യാസസഹായം വാഗ്ദാനംചെയ്ത് നിരവധി മുസ്ലിം യുവാക്കളെ ഹിസ്ബത് തഹ്റീറിൽ ചേർത്തിട്ടുണ്ട്.
ഞായറാഴ്ചകളിൽ ചെന്നൈയിലും കരൂരിലും രഹസ്യകേന്ദ്രങ്ങളിൽ തീവ്രവാദപ്രവർത്തനത്തിൽ ആകൃഷ്ടരാക്കാൻ താൻ ക്ലാസെടുത്തിരുന്നതായും അമീർ ഹുസൈൻ വെളിപ്പെടുത്തിയെന്ന് എൻ.ഐ.എ. പറഞ്ഞു.
70 വർഷം മുൻപ് രൂപവത്കരിച്ച അന്താരാഷ്ട്രസംഘടനയാണ് ഹിസ്ബത് തഹ്റീർ. ചില രാജ്യങ്ങളിൽ സംഘടനയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പുവേളയിൽ പ്രചരിച്ച യൂട്യൂബ് വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് ഇവരുടെ അറസ്റ്റിലേക്കു നയിച്ചത്. വോട്ടുചെയ്യരുതെന്ന് അഭ്യർഥിക്കുന്നതായിരുന്നു വീഡിയോ.