കൊച്ചി: കാസ്റ്റിങ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ മലയാള സിനിമയുടെ മാത്രം പ്രശ്നമല്ലെന്നും അതൊരു ‘പാൻ ഇന്ത്യൻ’ പ്രശ്നമാണെന്നും നടി ഷക്കീല.
ഒരു തമിഴ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയിലുള്ളതിനെക്കാൾ പ്രശ്നങ്ങൾ തമിഴ് ഇൻഡസ്ട്രിയിലുണ്ട്.
തമിഴിനെക്കാൾ പ്രശ്നം തെലുഗു സിനിമയിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ഹേമ കമ്മറ്റി ആവശ്യമാണെന്നും ഷക്കീല അഭിപ്രായപ്പെട്ടു. തമിഴിലും ഹിന്ദിയിലും തെലുഗിലുമെല്ലാം ഇതാവശ്യമാണ്.
പരാതികളിൽ പോലീസ് കേസുകൾ വന്നു എന്നതിനാൽ ഇനി സാഹചര്യം മെച്ചപ്പെടുമെന്നാണ് താൻ കരുതുന്നതെന്നും ഷക്കീല പറഞ്ഞു.
മുമ്പ് മീടു ആരോപണങ്ങൾ വന്നിരുന്നു. അവ മിക്കതും പരാതികളായി മാറുകയോ പോലീസ് കേസാവുകയോ ചെയ്തില്ല. അതിനാൽ തന്നെ അവ കാര്യമായ ഫലമുണ്ടാക്കിയില്ല.
എന്നാൽ ഇത്തവണ കാര്യങ്ങൾ വ്യത്യസ്തമാണെന്ന് ഷക്കീല ചൂണ്ടിക്കാട്ടി. പോലീസ് കേസുകൾ വന്നിട്ടുണ്ട്. ഇത് മാറ്റമുണ്ടാക്കും.
തമിഴ്നാട്ടിൽ ‘അഡ്ജസ്റ്റ്മെന്റ്’ ചെയ്യണമെന്ന് കരാറിൽ എഴുതുന്നവർ പോലുമുണ്ടെന്ന് ഷക്കീല പറഞ്ഞു. താമസിക്കുന്ന മുറിയുടെ കതകിൽ രാത്രികാലങ്ങളിൽ മദ്യപിച്ച് വന്ന് തട്ടുന്ന സംഭവങ്ങൾ ധാരാളം തനിക്കറിയാം.
ഒരു നടിയുടെ അനുഭവവും ഷക്കീല വിവരിച്ചു. തന്റെ മുറിയുടെ എതിർവശത്തുള്ള മുറിയിലാണ് ആ നടിക്ക് റൂം കിട്ടിയത്. അവരുടെ കതകിൽ രാത്രി മുഴുവൻ തട്ടിക്കൊണ്ടിരുന്നു.
താൻ വാതിൽ തുറന്നു നോക്കുമ്പോൾ നാലഞ്ചു പേർ മദ്യപിച്ച് അവരുടെ വാതിൽക്കൽ നില്ക്കുന്നു. താനും തന്റെ കൂടെയുള്ള സഹോദരനും സുഹത്തുക്കളും അവരോട് പോകാൻ പറഞ്ഞപ്പോൾ അടിപിടിയായി. തന്നെയും അവർ അടിച്ചെന്ന് ഷക്കീല പറഞ്ഞു.