കൊച്ചി: നടന് നിവിന് പോളിക്കെതിരായ ലൈംഗിക പീഡനക്കേസില് പ്രാഥമിക അന്വേഷണത്തില് പൊരുത്തക്കേടുകള് കണ്ടെത്തി അന്വേഷണ സംഘം.
നേര്യമംഗലം സ്വദേശിയായ യുവതി നാല് മാസം മുമ്പ് ഊന്നുകല് പോലീസില് പരാതി നല്കിയിരുന്നു.
എന്നാല് വിദേശത്ത് വെച്ച് തന്നെ ഒരു കൂട്ടം ആളുകള് കൂട്ടമായി മര്ദ്ദിച്ചെന്നായിരുന്നു പരാതിയില് പറഞ്ഞിരുന്നത്.
പോലീസ് പ്രാഥമിക വിവരശഖരണം നടത്തിയെങ്കിലും അന്വേഷണവുമായി മുന്നോട്ട് പോകാന് കഴിഞ്ഞില്ല.
ആശുപത്രി രേഖകള് ഹാജരാക്കാന് യുവതിക്ക് കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്.
പിന്നീടാണ് ഇ മെയില് വഴി യുവതി പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്കിയത്.
അഭിനയിക്കാന് അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ രണ്ടാമത്തെ പരാതി.
എറണാകുളം ഊന്നുകല് പോലീസ് ജാമ്യമില്ലാ വകുപ്പുകള് പ്രകാരമാണ് കേസെടുത്തത്.
ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്, കൂട്ടബലാത്സംഗം എന്നീ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബറില് ദുബായിലെ ഹോട്ടലില് വച്ചാണു പീഡനം നടന്നതെന്നാണ് ആരോപണം.
നിവിന് പോളിയടക്കം ആറുപേരാണ് പ്രതികള്.
ആറാം പ്രതിയാണ് നിവിന്.
ശ്രേയ, സിനിമാ നിര്മാതാവ് എകെ സുനില്, കുട്ടന്, ബഷീര്, വിനീത് എന്നിവരാണ് മറ്റുപ്രതികള്.