ചെന്നൈ : യു.എസ്. സന്ദർശനം നടത്തുന്ന തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സംസ്ഥാനത്ത് മുതൽ മുടക്കുന്നതിനായി കൂടുതൽ സംരംഭങ്ങളുമായി ധാരണാ പത്രം ഒപ്പുവെച്ചു.
ഷിക്കാഗോയിലെ മിഷിഗൺ തടാകക്കരയിൽ സൈക്കിൾ സവാരി നടത്തുന്ന സ്റ്റാലിന്റെ ദൃശ്യങ്ങൾ അദ്ദേഹം തന്നെ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഊർജ മാനേജ്മെന്റ് രംഗത്തെ പ്രമുഖരായ ഈറ്റണുമായും ഇൻഷുറൻസ് സേവനരംഗത്തെ അഷുറന്റുമായുമാണ് മുഖ്യമന്ത്രി ബുധനാഴ്ച ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഈറ്റൺ 200 കോടി രൂപ ചെലവിൽ ചെന്നൈയിൽ ആർ.ആൻഡ്.ഡി. കേന്ദ്രം സ്ഥാപിക്കും. അഷുറന്റ് ഗ്ലോബൽ കപ്പാസിറ്റി സെന്റർ തുടങ്ങും.
നേരത്തേ പ്രമുഖസ്ഥാപനങ്ങളുമായി തമിഴ്നാട് 1,400 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. സാൻഫ്രാൻസിസ്കോയിൽനിന്ന് ഷിക്കാഗോയിലെത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ സൈക്കിൾ സവാരി.
‘ശാന്തമായ സായാഹ്നം പുതിയ സ്വപ്നങ്ങൾക്ക് വഴിയൊരുക്കുന്നു’എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവെച്ചത്. അടുത്ത പത്തുദിവസം അദ്ദേഹം ഷിക്കാഗോയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.