ചെന്നൈ : കഴിച്ച ഭക്ഷണത്തിൻ്റെ പണം ചോദിച്ച് റസ്റ്റോറൻ്റ് ഉടമയെ ഷൂസ് ഊരിമാറ്റി ആക്രമിക്കാൻ ശ്രമിച്ച സ്പെഷ്യൽ അസിസ്റ്റൻ്റ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു.
ധർമപുരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ സ്വകാര്യ ഹോട്ടലീലാണ് സംഭവം. ഇന്നലെ സർക്കാർ ആശുപത്രി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ഔട്ട്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്എസ്ഐ കാവേരി ഈ ഭക്ഷണശാലയിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുടമ ഭക്ഷണത്തിന് പണം നൽകാൻ ആവശ്യപ്പെട്ടു.
ഇതിൽ പ്രകോപിതനായ എസ്എസ്ഐ കാവേരി പണം എടുത്ത് മേശപ്പുറത്തെറിഞ്ഞ് ഹോട്ടൽ ഉടമയുമായി വഴക്കിട്ടു. തുടർന്ന് ചെരുപ്പ് ഊരിയെറിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചു. തുടർന്ന് ഹോട്ടൽ ജീവനക്കാർ കാവേരിയെ സമാധാനിപ്പിച്ചു.
സംഭവം അവിടെയുള്ള ക്യാമറയിൽ പതിഞ്ഞിരുന്നു. കൂടാതെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഈ റസ്റ്റോറൻ്റിലെത്തുന്ന എസ്എസ്ഐ ഭക്ഷണത്തിൻ്റെ മുഴുവൻ തുകയും നൽകാതെ ചെറിയ തുക മാത്രം നൽകിയിരുന്നുവെന്ന വാർത്തയും വൈറലായി.
ഇതറിഞ്ഞ ധർമ്മപുരി ജില്ലാ പോലീസ് സൂപ്രണ്ട് മഹേശ്വരൻ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡിഎസ്പി ശിവരാമനോട് ഉത്തരവിട്ടു. ജില്ലാ പോലീസ് സൂപ്രണ്ട് മഹേശ്വരൻ ഇന്നലെയാണ് എസ്എസ്ഐ കാവേരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.