ചെന്നൈ : വെല്ലൂരിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കളടക്കം നാലുപേർ അറസ്റ്റിൽ.
വെല്ലൂർ സേർപാടി ഗ്രാമത്തിൽ എട്ടുദിവസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ അച്ഛൻ സി. ജീവ (30), അമ്മ ഡയാന (25), ജീവയുടെ അമ്മ ബേബി (55), ഇവരുടെ ബന്ധു ഉമാപതി (50) എന്നിവരാണ് അറസ്റ്റിലായത്.
ജീവയുടെയും ഡയാനയുടെയും രണ്ടാമത്തെ കുട്ടിയെയാണ് മുൾച്ചെടിയുടെയും പപ്പായയുടെയും കറ കഴിപ്പിച്ച് കൊലപ്പെടുത്തിയത്.
പെൺകുഞ്ഞായതിനാലാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജീവയുടെയും ഡയാനയുടെയും ആദ്യ കുഞ്ഞും പെണ്ണായിരുന്നു.
അടുത്തത് ആൺകുട്ടിയാവാൻ ഇവർ ഏറെ വഴിപാടുകൾ നടത്തിയിരുന്നു. ഇത് ഫലിക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വീണ്ടും പെൺകുട്ടി ജനിച്ചതോടെ ഇതിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
രണ്ടുവയസ്സുകാരിയായ മൂത്ത കുട്ടി പുതപ്പ് മുഖത്തിട്ടതിനെത്തുടർന്ന് ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പ്രതികൾ നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.
എന്നാൽ, സംശയം തോന്നിയ ഡയാനയുടെ അച്ഛൻ നൽകിയ പരാതിയെത്തുടർന്ന് അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.